വെനിസ്വേലയില്‍ വീണ്ടും നിക്കോളോ മാഡുറോ

  • വ്യാപകമായ തിരിമറികള്‍ നടന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍
  • ഇതൊരു ചരിത്രപരമായ ദിവസമാണെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം മാഡുറോ
  • ഹെന്റി ഫാല്‍ക്കണ്‍ 18 ലക്ഷം വോട്ടുകള്‍ നേടി
Posted on: May 22, 2018 6:07 am | Last updated: May 21, 2018 at 11:11 pm
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം നിക്കോളാസ് മാഡുറോ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വെച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുന്നു

കരാക്കസ്: വെനിസ്വേലയില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ നടത്തിയ വോട്ടെടുപ്പില്‍ നിലവിലെ പ്രസിഡന്റ് നിക്കോളാസ് മാഡുറോക്ക് വിജയം. 58 ലക്ഷം വോട്ടുകള്‍ നേടിയാണ് നിക്കോളാസ് മാഡുറോ വിജയം ഉറപ്പിച്ചതെന്ന് നാഷനല്‍ ഇലക്ടോറല്‍ കൗണ്‍സില്‍(സി എന്‍ ഇ) വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ പ്രധാന എതിരാളിയും മുന്‍ സൈനിക മേധാവിയുമായിരുന്ന ഹെന്‍ റി ഫാല്‍ക്കണ്‍ 18 ലക്ഷം വോട്ടുകള്‍ നേടി. മൊത്തം 86 ലക്ഷം പേരാണ് അവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിരുന്നത്. മൊത്തം വോട്ടര്‍മാരുടെ 46.01 ശതമാനം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. 2013ല്‍ നടന്ന വോട്ടെടുപ്പില്‍ 80 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.

ഇതൊരു ചരിത്രപരമായ ദിവസമാണെന്നും വിജയത്തിന്റെ മനോഹരമായ ദിനമായാണ് ഇതിനെ കാണുന്നതെന്നും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം നിക്കോളാസ് മാഡുറോ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി.

പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റിക് യൂനിറ്റി റൗണ്ട് ടേബിള്‍(എം യു ഡി) വോട്ടെടുപ്പ് ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് വലിയ തോതില്‍ വോട്ടുകളുടെ എണ്ണം കുറഞ്ഞു. ഇതോടെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറായിട്ടില്ല. വോട്ടെടുപ്പില്‍ വ്യാപകമായ തിരിമറികള്‍ നടന്നെന്നും അവര്‍ ആരോപിക്കുന്നു.

മറ്റു രണ്ട് പ്രതിപക്ഷ നേതാക്കളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ഹ്യൂഗോ ഷാവേസിന് ശേഷം ഇടതുപക്ഷത്തെ പ്രതിനിധാനം ചെയ്ത് അധികാരത്തിലെത്തിയ നിക്കോളാസ് മാഡുറോയുടെ ജനപ്രീതി വന്‍ തോതില്‍ കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ ഭരണകാലം സാമ്പത്തികമായി രാജ്യം ഏറെ പിറകോട്ട് പോയതായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്തെ സാമ്പത്തികമായി മുന്നോട്ടു കൊണ്ടുപോകുമെന്നാണ് നിക്കോളാസ് മാഡുറോ നല്‍കിയിരിക്കുന്ന വാഗ്ദാനം.