Connect with us

International

ഇന്തോനേഷ്യയിലെ മെറാപി അഗ്നിപര്‍വതം വീണ്ടും സജീവമായി

Published

|

Last Updated

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ഏറ്റവും അപകടകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മെറാപി അഗ്നിപര്‍വതത്തില്‍ നിന്ന് പുകയും ചാരവും പുറന്തള്ളാന്‍ തുടങ്ങിയതോടെ അധികൃതര്‍ പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പലതവണ മെറാപി അഗ്നിപര്‍വതത്തില്‍ നിന്ന് പുകയും ചാരവും പുറംന്തള്ളിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് തവണ അഗ്നിപര്‍വതത്തില്‍ നിന്ന് പുക ഉയര്‍ന്നതായി ദുരന്തനിവാര സംഘം മേധാവി പുര്‍വോ നുഗ്‌റഹോ പറഞ്ഞു.

അഗ്നിപര്‍വതത്തില്‍ നിന്നുള്ള ചില പദാര്‍ഥങ്ങള്‍ 1200 മീറ്ററിലധികം മുകളില്‍ എത്തിയതായും സമീപ ഗ്രാമങ്ങളിലെല്ലാം ചാരം വീണതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം 11ന് അഗ്നിപര്‍വതത്തില്‍ നിന്ന് ചാരവും പുകയും പുറംന്തള്ളിയതോടെ അധികൃതര്‍ നിരവധി പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇന്തോനേഷ്യയില്‍ 500ഓളം അഗ്നിപര്‍വതങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവയില്‍ 2968 മീറ്റര്‍ ഉയരമുള്ള മെറാപി അഗ്നിപര്‍വതമാണ് ഏറ്റവും അപകടകാരിയായി കണക്കാക്കപ്പെടുന്നത്. 2010ല്‍ ഇന്തോനേഷ്യയിലുണ്ടായ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ 347 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Latest