Connect with us

Editorial

നിപ്പാ വൈറസ്

Published

|

Last Updated

കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വിശിഷ്യാ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പടര്‍ന്നു പിടിക്കുന്ന പനി സംസ്ഥാനത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കയാണ്. പേരാമ്പ്ര ചങ്ങരോത്തെ ഒരു കുടുംബത്തിലെ മുന്ന് പേരുടെ മരണം നിപ്പാ വൈറസ് മൂലമാണെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെയാണ് ജനം പനിപ്പേടിയിലായത്. മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്റര്‍, പുനെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത് സ്ഥിരീകരിക്കപ്പെട്ടത്. കോഴിക്കോട് വടകര മേഖലയില്‍ ആറും മലപ്പുറത്ത് നാലും പേര്‍ പനിബാധയെ തുടര്‍ന്ന് മൂന്ന് ദിവസത്തിനകം മരണപ്പെട്ടിട്ടുണ്ട്. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന ഏതാനും പേരുടെ നില ഗുരുതരവുമാണ്. എങ്കിലും ഇതത്രയും നിപ്പാ വൈറസ് ബാധയാണോ എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

നിപ്പാ വൈറസ് ബാധിച്ചവരില്‍ 25 ശതമാനം മാത്രമേ രക്ഷപ്പെടാറുള്ളുവെന്നതും രോഗ ബാധിതരെ പരിചരിക്കുന്നവര്‍ക്ക് വൈറസ് ബാധക്ക് സാധ്യതയുണ്ടെന്നതുമാണ്് ഈ രോഗത്തെ ഭീതിതമാക്കുന്നത്. 2001ല്‍ ഇന്ത്യയിലെ സിലിഗുഡിയില്‍ ഈ രോഗം ബാധിച്ച 66 പേരില്‍ 45 പേരും 2011ല്‍ ബംഗ്ലദേശില്‍ 56 രോഗ ബാധിതരില്‍ 50 പേരും മരിച്ചിരുന്നു. 1998ല്‍ മലേഷ്യയിലാണ് വവ്വാലുകളിലൂടെ പടരുന്ന നിപ്പാ വൈറസ് ആദ്യം കണ്ടെത്തിയത്. പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ പുതിയ രോഗത്തെക്കുറിച്ചു ആരോഗ്യ വിദഗ്ധര്‍ അറിയുന്നത്. നൂറിലധികം പേരും അന്ന് മലേഷ്യയില്‍ രോഗം ബാധിച്ചുമരിച്ചു. റ്റീറോപ്പസ് വിഭാഗത്തില്‍പെട്ട വവ്വാലുകള്‍ കടിച്ച ഈത്തപ്പഴങ്ങളില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്നാണ് അന്നത്തെ പഠനങ്ങളില്‍ വ്യക്തമായത്. ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല. മറ്റു വൈറസ് രോഗങ്ങളെ പോലെ സ്വയം നിയന്ത്രിത രോഗമാണിത്. വൈറസ് ശരീരത്തില്‍ കടന്നാല്‍ പെട്ടെന്ന് രോഗലക്ഷണങ്ങള്‍ പ്രകടമാകില്ല, രണ്ടാഴ്ചക്കകമേ കണ്ടു തുടങ്ങുകയുള്ളൂ.

പരിചരിക്കുന്നവരിലേക്കും മരിച്ചവരുടെ സംസ്‌കരണ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരിലേക്കും രോഗം പകരുമെന്ന പ്രചാരണവും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ രോഗികളെ ശുശ്രൂഷിച്ച നഴ്‌സ് മരിച്ചതും ജനങ്ങളെയാകെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. രോഗം പടരുമെന്ന ഭയത്താല്‍ നഴ്‌സിന്റെ മൃതദേഹം ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ വൈദ്യുത ശ്മശാനത്തില്‍ ദഹിപ്പിക്കുകയാണുണ്ടായത്. അതേസമയം പന്തീരിക്കരയില്‍ മരണപ്പെട്ടവരുടെ വീടുകളില്‍ മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്ററിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധന നടത്തിയതും മൃഗങ്ങളുടെ രക്തം ശേഖരിച്ചതും മുഖാവരണമോ ഗ്ലൗസോ ധരിക്കാതെയാണെന്നും രോഗബാധാ സാധ്യതയെക്കുറിച്ചു സാമൂഹിക മാധ്യമങ്ങളില്‍ നടത്തുന്ന പ്രചാരണങ്ങള്‍ അതിശയോക്തിപരമാണെന്നുമാണ് നാട്ടുകാരില്‍ നിന്നുള്ള വിവരം. സത്യമെന്തെന്നറിയാതെ ജനങ്ങള്‍ ആശങ്കപ്പെടുമ്പോല്‍ ഇക്കാര്യത്തില്‍ അധികൃതരില്‍ നിന്ന് വസ്തുനിഷ്ഠമായ കൂടുതല്‍ വിശദീകരണം ആവശ്യമാണ്. ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുന്ന വസ്തുനിഷ്ഠമല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ വരുന്നതെല്ലാം അപ്പാടെ ഷെയര്‍ ചയ്തു ആശങ്ക സൃഷ്ടിക്കുകയോ, രോഗ ബാധിതരെയും വീട്ടുകാരെയും ഒറ്റപ്പെടുത്തി മാനസികമായി തകര്‍ക്കുകയോ അരുത്.

ആരോഗ്യ രംഗം കൂടുതല്‍ വികസിക്കുകയും പല രോഗങ്ങളെയും നിഷ്‌കാസിതമാക്കാന്‍ സാധിച്ചതായി വൈദ്യശാസ്ത്രം അവകാശപ്പെടുകയും ചെയ്യുമ്പോള്‍ തന്നെ ആരോഗ്യ വിദഗ്ധരെ അമ്പരപ്പിക്കുന്ന മാരകമായ പുതിയ രോഗങ്ങള്‍ ഉടലെടുത്തു കൊണ്ടിരിക്കയാണ്. വൈറല്‍ പനി, ജപ്പാന്‍ജ്വരം, മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ രോഗങ്ങളായിരുന്നു സംസ്ഥാനത്ത് നേരത്തെ അറിയപ്പെട്ടിരുന്നത്. പിന്നീട് എലിപ്പനി, ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയ, എച്ച് വണ്‍ എന്‍വണ്‍ തുടങ്ങിയ പനികളും ഇപ്പോള്‍ നിപാ ജ്വരവും കടന്നുവന്നു. ജീവിത സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ ജീവിത ശൈലീ രോഗങ്ങളും മനുഷ്യനെ വേട്ടയാടി ത്തുടങ്ങി. വൈദ്യശാസ്ത്രത്തിന്റെ പരിമിതികളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

കാലവര്‍ഷത്തിന്റെ വരവോടെ പനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചു കൊണ്ടിരിക്കയാണ്. 2016ല്‍ പനിമരണം 213 ആയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം 623 ആയി ഉയര്‍ന്നു. രണ്ടിരട്ടിയിലധികമാണ് വര്‍ധന. പനി ബാധിച്ചു ചികിത്സക്കെത്തിയവരുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷം വന്‍ വര്‍ധനയുണ്ടായി. തെറ്റായതും അശ്രദ്ധയോടെയുള്ള ഭക്ഷണ രീതി, മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയില്ലായ്മ, സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, മരുന്നുകളുടെ ഗുണനിലവാരക്കുറവ് തുടങ്ങിയവയാണ് രോഗവ്യാപനത്തിനും മരണസംഖ്യ കൂടാനും കാരണമായി പറയുന്നത്. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് പ്രസ്താവിക്കാറുണ്ടെങ്കിലും ഇന്നും മിക്ക ആശുപത്രികളുടെയും സ്ഥിതി ദയനീയമാണ്. ഇക്കാര്യത്തില്‍ അധികൃതര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുകയും തെറ്റായ ഭക്ഷണ രീതികള്‍ക്കും ശുചീകരണത്തിലെ അശ്രദ്ധക്കുമെതിരായ ബോധവത്കരണം ശക്തമാക്കേണ്ടതുമുണ്ട്.