Connect with us

National

ജനവിധി കാത്ത് മൂന്ന് മണ്ഡലങ്ങള്‍

Published

|

Last Updated

ബെംഗളൂരു: രാഷ്ട്രീയ നാടകങ്ങള്‍ക്കും കുതിരക്കച്ചവടങ്ങള്‍ക്കും വിരാമമിട്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ ഡി എസ് മന്ത്രിസഭ അധികാരത്തിലേറാനിരിക്കെ, അടുത്ത ശ്രദ്ധ മൂന്ന് മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്കാണ്. ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ജെ ഡി എസും സഹകരണത്തോടെയായിരിക്കും മത്സരിക്കുക.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി ജെ പി സ്ഥാനാര്‍ഥി ബി എന്‍ വിജയകുമാര്‍ കുഴഞ്ഞുവീണ് മരിച്ചതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ ജയനഗര്‍ മണ്ഡലത്തിലെയും പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് രാജരാജേശ്വരി നഗര്‍ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. ആര്‍ ആര്‍ മണ്ഡലത്തില്‍ ഈ മാസം 28നും ജയനഗര്‍ മണ്ഡലത്തില്‍ ജൂണ്‍ 11നുമാണ് തിരഞ്ഞെടുപ്പ്. ജനതാദള്‍- എസ് സംസ്ഥാന അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി ഇത്തവണ രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് മത്സരിച്ച് വിജയിച്ചത്. സിറ്റിംഗ് സീറ്റായ രാമനഗരയിലും ചന്നപ്പട്ടണയിലും. ഇതില്‍ ഏതെങ്കിലും ഒരു മണ്ഡലത്തിലും ഉടന്‍ ഉപതിരഞ്ഞെടുപ്പ് നടക്കും.

പത്ത് വര്‍ഷമായി ബി ജെ പിയുടെ സീറ്റായ ജയനഗര്‍ മണ്ഡലത്തില്‍ മുന്‍ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഢിയുടെ മകള്‍ സൗമ്യ റെഡ്ഢിയാണ് കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്നത്. ഇവരെ ജെ ഡി എസ് പിന്തുണക്കും. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയായിരുന്നു ബി ജെ പി സ്ഥാനാര്‍ഥി വിജയകുമാറിന്റെ മരണം. കഴിഞ്ഞ തവണ 12,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി ജെ പി സ്ഥാനാര്‍ഥി ജയിച്ചു കയറിയത്.
കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് രാജരാജേശ്വരി നഗര്‍. ഇവിടത്തെ ജെ ഡി എസ് സ്ഥാനാര്‍ഥി രാമചന്ദ്ര കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കും. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് ജനതാദളായിരുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് -ജെ ഡി എസ് സഖ്യം ഇവിടെ നിര്‍ണായകമാകും.

രാമനഗര, ചന്നപട്ടണ എന്നിവയില്‍ കുമാരസ്വാമി ഏതൊഴിയുമെന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. ചന്നപ്പട്ടണ ബി ജെ പിക്ക് സ്വാധീനമുള്ള മേഖലയാണ്. ഇവിടെ ജനതാദള്‍ എസിന് നിലവിലുള്ള സാഹചര്യത്തില്‍ ജയിച്ചുകയറണമെങ്കില്‍ കോണ്‍ഗ്രസ് സഹായം തേടേണ്ടി വരും. എന്നാല്‍ രാമനഗര ജെ ഡി എസിന്റെ ഉറച്ചകോട്ടയാണ്.
.
ബി എസ് യെദ്യൂരപ്പയും ബി ശ്രീരാമലുവും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഇവര്‍ ലോക്‌സഭാംഗത്വം രാജിവെച്ചു. യെദ്യൂരപ്പ ശിവമൊഗ മണ്ഡലത്തെയും ശ്രീരാമലു ബെല്ലാരി മണ്ഡലത്തെയുമാണ് ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്.

Latest