Connect with us

National

പരമേശ്വര ഉപമുഖ്യമന്ത്രിയായേക്കും; കെ ജെ ജോര്‍ജിനും യു ടി ഖാദറിനും മന്ത്രിസ്ഥാനം ലഭിക്കും

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ ഡി എസ്- കോണ്‍ഗ്രസ് സഖ്യ മന്ത്രിസഭ ബുനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുപ്പതംഗ മന്ത്രിസഭയാണ് നിലവില്‍ വരിക. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഇന്നലെ വൈകീട്ട് ഏഴരയോടെ സര്‍ക്കാറുണ്ടാക്കാനുള്ള അവകാശവാദമുന്നയിച്ച് കുമാരസ്വാമി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷിക ദിനമായതനാലാണ് തിങ്കളാഴ്ച നടത്താന്‍ തീരുമാനിച്ച ചടങ്ങ് മാറ്റിവെച്ചത്.

സര്‍ക്കാറുണ്ടാക്കാനുളള അവകാശവാദം ഔദ്യോഗികമായി ഉന്നയിക്കാനാണ് വാജുഭായ് വാലയെ കണ്ടത്. ഇതേത്തുടര്‍ന്നാണ് കുമാരസ്വാമിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പതിനഞ്ച് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നേരത്തെ തന്നെ കോണ്‍ഗ്രസ് എം എല്‍ എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് കുമാരസ്വാമി കത്ത് നല്‍കിയിരുന്നു. വീണ്ടും മുഖ്യമന്ത്രിയാകാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ സിദ്ധരാമയ്യ സ്ഥാനമാനങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പി സി സി അധ്യക്ഷന്‍ പരമേശ്വരയെ ഉപമുഖ്യമന്ത്രിയാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. കഴിഞ്ഞ സര്‍ക്കാറിലെ മലയാളി സാന്നിധ്യമായിരുന്ന കെ ജെ ജോര്‍ജിനും യു ടി ഖാദറിനും ഇക്കുറിയും മന്ത്രിസ്ഥാനം ലഭിക്കും. ചടങ്ങില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ പങ്കെടുക്കും.