അപൂര്‍വ വൈറല്‍ പനി മരണം: വിദഗ്ധ സംഘം പരിശോധന നടത്തി

Posted on: May 20, 2018 10:38 am | Last updated: May 21, 2018 at 5:27 pm

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിലെ പന്തീരിക്കര സൂപ്പിക്കടയില്‍ അപൂര്‍വ വൈറല്‍ പനി ബാധിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറസ് സ്റ്റഡീസില്‍നിന്നുള്ള വിദഗ്ധ സംഘം പരിശോധന നടത്തി. ഏത് തരം വൈറസാണ് മരണത്തിന് കാരണമാക്കിയതെന്ന് തിരിച്ചറിയാനായിട്ടില്ലെന്ന് വിദഗ്ധ സംഘം പറഞ്ഞു. സ്ഥലത്തുനിന്നും ശേഖരിച്ച സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനക്ക് അയക്കുമെന്നും സംഘം പറഞ്ഞു.

അതേ സമയം ആശങ്കപ്പെടേണ്ട സാഹചര്യം പ്രദേശത്തില്ലെന്ന് മെഡിക്കല്‍ സംഘത്തലവന്‍ ഡോ.അരുണ്‍കുമാര്‍ പറഞ്ഞു. ആരോഗ്യമന്ത്രി കെകെ ശൈലജ ഇന്ന് ഇവിടം സന്ദര്‍ശിക്കും. വൈറല്‍ പനിഭീതിയെത്തുടര്‍ന്ന് 30ലധികം കുടുംബങ്ങള്‍ പ്രദേശത്തുനിന്നും മാറിത്താമസിച്ചിട്ടുണ്ട്.

വളച്ചുകെട്ടിയില്‍ മൂസയുടെ മക്കളായ സാബിത്ത്(23), സ്വാലിഹ്(26) ഇവരുടെ പിത്യസഹോദരനായ വളച്ചുകെട്ടിയില്‍ മൊയ്തീന്‍ ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം(51) എന്നിവരാണ് പനി ബാധിച്ച് മരിച്ചത്.