കെ ജി ബൊപ്പയ്യക്ക് പ്രൊടെം സ്പീക്കറായി തുടരാം; വിശ്വാസ വോട്ടെടുപ്പ് തല്‍സമയം പ്രക്ഷേപണം ചെയ്യാന്‍ സുപ്രീം കോടതി അനുമതി

Posted on: May 19, 2018 11:42 am | Last updated: May 19, 2018 at 5:07 pm

ന്യൂഡല്‍ഹി:കര്‍ണാടക പ്രോടെം സ്പീ്പീക്കറുടെ നിയമന കാര്യത്തില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് മാത്രമെ അധികാരമുള്ളുവെന്ന് സുപ്രീം കോടതി . വിശ്വാസ വോട്ടെടുപ്പ് മാധ്യമങ്ങളിലൂടെ സംപ്രക്ഷണം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. കീഴ് വഴക്കം ലംഘിച്ച് യെദ്യൂരപ്പയുടെ വിശ്വസ്തനും മുന്‍പ് ആരോപണവിധേയനുമായ കെജി ബൊപ്പയ്യയെ നിയമിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസും ആര്‍ജെഡിയും നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് സുപ്രീം കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ബൊപ്പയ്യയുടെ നേത്യത്വത്തില്‍ നടത്തുന്ന വിശ്വാസവോട്ടെടുപ്പ് അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബില്‍ വാദിച്ചു. വിശ്വാസ വോട്ടെടുപ്പ് അട്ടിമറിക്കനാണ് ഈ നിയമനമെന്നും നിയമനം ചട്ട വിരുദ്ധമാണെന്നും സിബില്‍ വാദിച്ചു. എന്നാല്‍ പ്രായമല്ല സഭയിലെ കാലയളവാണ് പരിഗണിക്കുന്നതെന്ന് മറുപടി നല്‍കിയ കോടതി മുതിര്‍ന്നവരല്ലാത്തവര്‍ മുന്‍പും പ്രോടെം സ്പീക്കറായി നിയമിക്കപ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

ബൊപ്പയ്യക്ക് കളങ്കിത ചരിത്രമുണ്ടെന്ന് സിബിലിന്റെ വാദത്തിന് അങ്ങനെയെങ്കില്‍ ബൊപ്പയ്യയേയും കേള്‍ക്കേണ്ടിവരുമെന്നും വിശ്വാസ വോ്‌ട്ടെടുപ്പ് നീട്ടിവെക്കേണ്ടിവരുമെന്നും കോടതി മറുപടി നല്‍കി. എന്നാല്‍ വോട്ടെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യാമെന്ന് സുപ്രീം കോടതി മൂന്നംഗ ബെഞ്ച് വിധിച്ചു.തല്‍സമയ സംപ്രേക്ഷണത്തിന് അനുമതി നല്‍കിയാല്‍ ഹരജി പിന്‍വലിക്കാമെന്ന് കപില്‍ സിബിലും വ്യക്തമാക്കി.