യൂറോ ഹീറോസ് ഔട്ട് !

യൂറോ കപ്പ് ഫൈനലില്‍ പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടിയ എദെറും പരിചയ സമ്പന്നനായ സ്‌ട്രൈക്കര്‍ നാനിയും ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്. ഫ്രാന്‍സിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. യൂറോയില്‍ ഫൈനലിസ്റ്റുകളായ ഫ്രാന്‍സിന്റെ കുതിപ്പിന് ചുക്കാന്‍ പിടിച്ച ദിമിത്രി പയെറ്റും ലോകകപ്പിനില്ല
Posted on: May 19, 2018 6:14 am | Last updated: May 19, 2018 at 12:21 am
എദെര്‍

ലിസ്ബന്‍: യൂറോകപ്പ് ഫൈനലില്‍ വിജയഗോള്‍ നേടിയ എദെറിനെയും പരിചയ സമ്പന്നനായ സ്‌ട്രൈക്കര്‍ നാനിയെയും ഒഴിവാക്കി പോര്‍ച്ചുഗല്‍ ലോകകപ്പിന്.
കോച്ച് ഫെര്‍നാന്‍ഡോ സാന്റോസ് ഏവരെയും അതിശയിപ്പിച്ചു കൊണ്ട് യുവതാരങ്ങളായ ആന്ദ്രെ സില്‍വക്കും ഗോണ്‍സാലോ ഗ്യൂഡെസിനുമാണ് മുന്നേറ്റ നിരയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കം അവസരം നല്‍കിയത്.
യൂറോ കപ്പ് നേടിയ ടീമംഗം ആന്ദ്രെ ഗോമസിനൊപ്പം പോര്‍ട്ടോയുടെ മിഡ്ഫീല്‍ഡര്‍ ഡാനിലോ പെരേരയും ലൈനപ്പില്‍ ഇടം പിടിച്ചില്ല.

യുവത്വത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സ്‌ക്വാഡാണ് ഫെര്‍നാന്‍ഡോ പ്രഖ്യാപിച്ചത്. ഇതില്‍ മുപ്പത് വയസിന് മുകളിലുള്ളത് രണ്ട് പേര്‍ മാത്രം. 33 വയസുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 34 കാരന്‍ റികാര്‍ഡോ ക്വാരിസ്മയും.
യൂറോ കപ്പില്‍ ഫ്രാന്‍സിനെതിരെ വിജയ ഗോള്‍ നേടി ശ്രദ്ധേയനായ എദെര്‍ ക്ലബ്ബ് ഫുട്‌ബോളില്‍ ലോകോമോട്ടീവ് മോസ്‌കോയില്‍ നിറം കെട്ടുപോയിരുന്നു. ലോകോമോട്ടീവ് റഷ്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായെങ്കിലും എദെര്‍ നേടിയത് നാല് ഗോളുകള്‍ മാത്രം.

റൊണാള്‍ഡോയും ഫിഗോയും കഴിഞ്ഞാല്‍ പോര്‍ച്ചുഗലിനായി കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ച നാനിക്കും വിനയായത് ക്ലബ്ബ് ഫോമാണ്. ഇറ്റലിയില്‍ ലാസിയോക്കായി 24 മത്സരങ്ങളാണ് നാനി കളിച്ചത്. യൂറോ കപ്പ് നേടാന്‍ സഹായിച്ച താരങ്ങളെ ഒഴിവാക്കിയത് മനുഷ്യത്വമില്ലാത്ത നടപടിയായി തോന്നാം. അവര്‍ ഇതിനകം പോര്‍ച്ചുഗലിനായി ചരിത്രം സൃഷ്ടിച്ചവരാണ്. ഇനി അവരേക്കാള്‍ മികവുള്ളവര്‍ വരട്ടെ. ലോകകപ്പ് ആണ് കളിക്കാന്‍ പോകുന്നത് – സാന്റോസ് പറഞ്ഞു.

നാനി, ദിമിത്ര പയെറ്റ്‌

പിഎസ്ജി ലോണില്‍ വലന്‍ഷ്യക്കായി കളിച്ച വിംഗര്‍ ഗ്യൂഡസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എ സി മിലാന് വേണ്ടി യൂറോപ ലീഗില്‍ എട്ട് ഗോളുകള്‍ നേടിയ ആന്ദ്രെ സില്‍വയും കോച്ചിന്റെ വിശ്വാസം പിടിച്ചുപറ്റി. 21 വയസുള്ള ബെന്‍ഫിക്കയുടെ ഡിഫന്‍ഡര്‍ റൂബെന്‍ ഡയസ് പുതുമുഖമാണ്.
സ്‌പെയിന്‍, മൊറോക്കോ, ഇറാന്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് പോര്‍ച്ചുഗല്‍. ലോകകപ്പിന് മുമ്പ് ടുണീഷ്യ,ബെല്‍ജിയം,അള്‍ജീരിയ ടീമുകളുമായി സന്നാഹ മത്സരം കളിക്കും.

പോര്‍ച്ചുഗല്‍ സ്‌ക്വാഡ്

ഗോള്‍ കീപ്പര്‍മാര്‍ : ആന്റണി ലോപസ്, ബെറ്റോ, റൂയി പാട്രിസിയോ.
ഡിഫന്‍ഡര്‍മാര്‍ : ബ്രൂണോ ആല്‍വസ്, സെഡ്രിച് സോറെസ്, ജോസ് ഫോന്റെ, മരിയോ റൂയി, പെപെ, റാഫേല്‍ ഗ്യുറേറോ, റികാര്‍ഡോ പെരേര, റൂബെന്‍ ഡയസ്.
മിഡ്ഫീല്‍ഡര്‍മാര്‍ : അഡ്രിയാന്‍ സില്‍വ, ബ്രൂണോ ഫെര്‍നാണ്ടസ്, ജാവോ മരിയോ, ജോ മോട്ടീഞ്ഞോ, മാനുവല്‍ ഫെര്‍നാണ്ടസ്, വില്യം കാര്‍വാലോ, ബെര്‍നാര്‍ഡോ സില്‍വ.
ഫോര്‍വേഡ്‌സ്: ആന്ദ്രെ സില്‍വ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഗെല്‍സന്‍ മാര്‍ട്ടിന്‍സ്, ഗോണ്‍സാലോ ഗ്യൂഡെസ്, റികാര്‍ഡോ ക്വറിസ്മ.

പയെറ്റിന് ലോക നഷ്ടം

പാരിസ്: 2016 യൂറോ കപ്പില്‍ തിളങ്ങിയ മാഴ്‌സെയുടെ സൂപ്പര്‍ താരം ദിമിത്രി പയെറ്റിന് കരിയറിലെ മഹാനഷ്ടം. യൂറോപ ലീഗ് ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ പരുക്കേറ്റ പയെറ്റിന് ഫ്രാന്‍സിന്റെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നഷ്ടമായി. ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംസ് 23 അംഗ അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത് പയെറ്റിന് ലോകകപ്പിന് മുമ്പായി ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ സാധിക്കില്ലെന്ന റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാണ്.

ദിമിത്രി പയെറ്റ് ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടാകേണ്ട താരമായിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ആദ്യ അരമണിക്കൂര്‍ കളിച്ചത് പരുക്ക് വഷളാക്കി. മൂന്നാഴ്ചയെങ്കിലും വിശ്രമിക്കാതെ തിരിച്ചുവരവ് സാധിക്കില്ല. പേശികള്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. വീണ്ടും പരുക്കേല്‍ക്കാനുള്ള സാധ്യത ഏറെയാണ്. ടീമിലുള്‍പ്പെടുത്തുന്നത് സാഹസമാകും – ദെഷാംസ് പറഞ്ഞു.

യൂറോ 2016 ല്‍ ഫ്രാന്‍സ് ഫൈനലിലെത്തിയപ്പോള്‍ പയെറ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു. മാഴ്‌സെയില്‍ പയെറ്റിനൊപ്പം കളിക്കുന്ന ഫ്‌ളോറിയന്‍ തൗവിന്‍, ലിയോണ്‍ ക്യാപ്റ്റന്‍ നബില്‍ ഫെകിര്‍ എന്നിവര്‍ ടീമിലുണ്ട്.

അതേ സമയം, സെക്‌സ് ടേപ് വിവാദത്തില്‍ ഉള്‍പ്പെട്ട റയല്‍ മാഡ്രിഡിന്റെ സ്‌ട്രൈക്കര്‍ കരീം ബെന്‍സിമയെ ദെഷാംസ് വീണ്ടും തഴഞ്ഞു.
കാല്‍മുട്ടിന് ഗുരുതരമായി പരുക്കേറ്റ് വിശ്രമത്തിലായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ ലെഫ്റ്റ് ബാക്ക് ബെഞ്ചമിന്‍ മെന്‍ഡിയെ ദെഷാംസ് ടീമില്‍ ചേര്‍ത്തിട്ടുണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡിന് യൂറോപ ലീഗ് കിരീടം നേടിക്കൊടുത്ത സൂപ്പര്‍ സ്‌ട്രൈക്കര്‍ അന്റോയിന്‍ ഗ്രിസ്മാനാണ് അറ്റാക്ക് നയിക്കുക. ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പോള്‍ പോഗ്ബ, ചെല്‍സി സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദ്, പി എസ് ജിയുടെ കിലിയന്‍ എംബാപെ എന്നിവരും ടീമിലുണ്ട്.

പരുക്കേറ്റ് പുറത്തായവരില്‍ ആഴ്‌സണലിന്റെ ഡിഫന്‍ഡര്‍ ലോറന്റ് കോസിന്‍ലെയുടെ അഭാവമാണ് ഫ്രഞ്ച് നിരയില്‍ കാര്യമായി പ്രകടമാവുക.
ആഴ്‌സണലിന്റെ അലക്‌സാന്‍ഡ്രെ ലകാസെറ്റെ, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ആന്റണി മാര്‍ഷ്വല്‍, ബയേണിന്റെ കിംഗ്‌സലെ കോമാന്‍, ടോട്ടനമിന്റെ മൂസസിസോകോ എന്നിവര്‍ സ്റ്റാന്‍ഡ്‌ബൈയാണ്.

ഗ്രൂപ്പ് സിയിലാണ് ഫ്രാന്‍സ്. ആസ്‌ത്രേലിയ, പെറു, ഡെന്‍മാര്‍ക്ക് ടീമുകളാണ് ഗ്രൂപ്പ് റൗണ്ടിലെ എതിരാളികള്‍.
ജൂണ്‍ ഒന്നിന് ഇറ്റലിയുമായും ജൂണ്‍ ഒമ്പതിന് അമേരിക്കയുമായും സന്നാഹ മത്സരം കളിക്കും.

ഫ്രാന്‍സ് സ്‌ക്വാഡ്

ഗോള്‍കീപ്പര്‍മാര്‍ : ഹ്യുഗോ ലോറിസ് (ടോട്ടനം), സ്റ്റീവ് മന്‍ഡാന്‍ഡ (മാഴ്‌സെ), അല്‍ഫോണ്‍സോ റിയോല (പിഎസ്ജി).
ഡിഫന്‍ഡര്‍മാര്‍ : ലുകാസ് ഹെര്‍നാണ്ടസ് (അ.മാഡ്രിഡ്), പ്രെസ്‌നെല്‍ കിംബെബെ (പിഎസ്ജി), ബെഞ്ചമിന്‍ മെന്‍ഡി (മാഞ്ചസ്റ്റര്‍ സിറ്റി), ബെഞ്ചമിന്‍ പവാര്‍ഡ് (സ്റ്റുഡ്ഗര്‍ട്), ആദില്‍ റാമി (മാഴ്‌സെ), ജിബ്രില്‍ സിഡിബെ (മൊണാക്കോ), സാമുവല്‍ ഉംറ്റിറ്റി (ബാഴ്‌സലോണ), റാഫേല്‍ വരാനെ (റയല്‍ മാഡ്രിഡ്).
മിഡ്ഫീല്‍ഡര്‍മാര്‍ : എന്‍ഗോലോ കാന്റെ (ചെല്‍സി), ബ്ലെയ്‌സ് മാറ്റിയൂഡി (യുവെന്റസ്), സ്റ്റീവെന്‍ എന്‍സോന്‍സി (സെവിയ്യ), പോള്‍ പോഗ്ബ (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), കോറെന്റിന്‍ ടൊലിസോ (ബയേണ്‍ മ്യൂണിക്).
ഫോര്‍വേഡുകള്‍ : ഉസ്മാന്‍ ഡെംബെലെ (ബാഴ്‌സലോണ), നബില്‍ ഫെകിര്‍ (ലിയോണ്‍), ഒലിവര്‍ ജിറൂദ് (ചെല്‍സി), അന്റോയിന്‍ ഗ്രിസ്മാന്‍ (അത്‌ലറ്റിക്കോ മാഡ്രിഡ്), തോമസ് ലെമാര്‍ (മൊണാക്കോ), കിലിയന്‍ എംബാപെ (പിഎസ്ജി), ഫ്‌ളോറിയന്‍ തൗവിന്‍ (മാഴ്‌സെ).