ഉന്‍ ആണവായുധം ഉപേക്ഷിക്കുക; അല്ലെങ്കില്‍ ഗദ്ദാഫിയുടെ വിധിയേറ്റുവാങ്ങുക: ട്രംപ്

Posted on: May 19, 2018 6:14 am | Last updated: May 18, 2018 at 9:43 pm

വാഷിംഗ്ടണ്‍: ആണവായുധങ്ങള്‍ ഉപേക്ഷിച്ചാല്‍ അധികാരത്തില്‍ തുടരാമെന്നും അല്ലെങ്കില്‍ ലിബിയയുടെ മുന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ വിധിയാണ് കാത്തിരിക്കുന്നതെന്നും ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിനോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. അടുത്ത മാസം ഇരു നേതാക്കളും തമ്മില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയെ സംബന്ധിച്ച് ചില സംശയങ്ങള്‍ നിലനിന്നിരുന്നു. ഇതിനിടെയാണ്, അമേരിക്ക ഭീഷണിയുടെ സ്വരത്തില്‍ ഉത്തര കൊറിയക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നിശ്ചയിച്ച കൂടിക്കാഴ്ച വളരെ വിജയകരമാകുകയാണെങ്കില്‍ ഉത്തര കൊറിയക്ക് സുരക്ഷ ലഭിക്കുമെന്നും അത് വളരെ ശക്തമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ഉന്‍ അദ്ദേഹത്തിന്റെ രാജ്യത്തുണ്ടാകും. അദ്ദേഹം രാജ്യത്തിന്റെ ഭരണത്തലപ്പത്തുണ്ടാകും. ഉത്തര കൊറിയ അതിസമ്പന്നമായി തീരുകയും ചെയ്യും. അതേസമയം, ചര്‍ച്ച പരാജയപ്പെട്ടാല്‍ ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയുടെ വിധിയാണ് കിം ജോംഗ് ഉന്നിനെ കാത്തിരിക്കുന്നത്. വിമതര്‍ ഗദ്ദാഫിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കി അദ്ദേഹത്തെ വധിച്ചു. ഉത്തര കൊറിയയുമായി ഒരു കരാറിലെത്തിയിട്ടില്ലെങ്കില്‍ ഇതു തന്നെയാണ് ഇവിടെയും സംഭവിക്കാനിരിക്കുന്നത്. എന്നാല്‍ ലിബിയന്‍ മാതൃക ചൂണ്ടിക്കാട്ടി ഉത്തര കൊറിയയെ സമ്മര്‍ദത്തില്‍പ്പെടുത്തുകയുമല്ല. കാരണം ലിബിയന്‍ മോഡല്‍ വളരെ വ്യത്യസ്തമായിരുന്നു. ഗദ്ദാഫിക്ക് എന്തെങ്കിലും കരാറുമായി മുന്നോട്ടുപോകേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും ട്രംപ് ഓര്‍മപ്പെടുത്തി.

അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തിയ സൈനിക അഭ്യാസത്തില്‍ പ്രതിഷേധിച്ച് ദക്ഷിണ കൊറിയുയമായുള്ള ഉന്നത തല ചര്‍ച്ച ഉത്തര കൊറിയ റദ്ദാക്കിയിരുന്നു. ഇതിന് പുറമെ അടുത്ത മാസം ട്രംപുമായി ഉന്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ച റദ്ദാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ ഭീഷണി നിറഞ്ഞ മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്.