കര്‍ണാടകയിലേത് പാക്കിസ്ഥാനില്‍ നടക്കുന്ന കാര്യങ്ങള്‍: രാഹുല്‍ ഗാന്ധി

Posted on: May 18, 2018 6:15 am | Last updated: May 18, 2018 at 12:21 am
SHARE

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാരെ ബി ജെ പി ഭയപ്പെടുത്തുന്നുവെന്ന് രാഹുല്‍ഗാന്ധി. ഏകാധിപത്യമുള്ളിടത്താണ് ഇത് സംഭവിക്കുന്നതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ബി ജെ പി എം പിമാര്‍ക്ക് പ്രധാനമന്ത്രിയെ ഭയമാണ്. രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. കര്‍ണാടകയില്‍ നടക്കുന്ന സംഭവങ്ങള്‍ പാക്കിസ്ഥാന്‍ മാത്രമേ നടക്കുവെന്ന് രാഹുല്‍ പറഞ്ഞു. ബിജെപിയും ആര്‍ എസ് എസും രാജ്യത്തിന്റെ സുപ്രധാന സ്ഥാപനങ്ങളില്‍ നുഴഞ്ഞുകയറി ഇന്ത്യയുടെ ശബ്ദം കൊള്ളയടിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ബി ജെ പിയുടെ നിര്‍ബന്ധബുദ്ധി യുക്തിരഹിതവും ഭരണഘടനയെ കൊഞ്ഞനം കുത്തലുമാണ്. അദ്ദേഹം പറഞ്ഞു.
ബി എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ട്വിറ്ററില്‍ വാക് പോരുമായി രാഹുല്‍ ഗാന്ധിയും അമിത്ഷായും എത്തിയിരുന്നു. ജനാധിപത്യത്തിന്റെ തോല്‍വിയില്‍ രാജ്യം വിലപിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കോണ്‍ഗ്രസ് ജെ ഡി എസിന് മോഹനവാഗ്ദാനം നല്‍കിയ നിമിഷത്തില്‍ ഇന്ത്യന്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടെന്ന് അമിത്ഷാ പ്രതികരിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് ട്വിറ്റര്‍ പോരിന് തുടക്കമിട്ടത്. കേവലഭൂരിപക്ഷം പോലുമില്ലാത്ത കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ബി ജെ പിയുടെ ശ്രമം യുക്തിക്ക് നിരക്കാത്ത വാശി മാത്രമാണ്. ഭരണഘടനയെ കൊഞ്ഞനം കുത്തുകയാണ് ബി ജെ പി. ഇന്ന് കാലത്ത് പൊള്ളയായ വിജയം ബി ജെ പി ആഘോഷിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ പരാജയത്തില്‍ ഇന്ത്യ വിലപിക്കുകയായിരുന്നെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ ഭരണഘടന ആക്രമിക്കപ്പെട്ടെന്നും കര്‍ണാടകയില്‍ ഒരു വശത്ത് എം എല്‍ എമാരും മറ്റുവശത്ത് ഗവര്‍ണറുമെന്ന് രാഹുല്‍ ആരോപിച്ചു. 100 കോടി വീതം ജെ ഡി എസ് എം എല്‍ എമാര്‍ക്ക് വാഗ്ദാനം ചെയ്തതായി ജെ ഡി എസ് പറഞ്ഞതായും രാഹുല്‍ ആരോപിച്ചു.
രാഹുല്‍ ട്വീറ്റ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ബി ജെ പി അധ്യക്ഷന്റെ മറുപടിയെത്തി. ജനാധിപത്യം കൊലചെയ്യപ്പെട്ടത് നിരാശപൂണ്ട കോണ്‍ഗ്രസ് അവസാരവാദികളായ ജെ ഡി എസിന് കൈ നല്‍കിയ നിമിഷത്തിലാണെന്ന് അമിത്ഷാ പ്രതികരിച്ചു. കര്‍ണാടകയുടെ ക്ഷേമമല്ല, കേവല രാഷട്രീയ ലാഭമാണ് അവരുടെ ലക്ഷ്യം. അടിയന്തരാവസ്ഥ കൊണ്ടുവന്ന് കോടതികളെയും മാധ്യമങ്ങളെയും പൊതുസമൂഹത്തെയും അടിച്ചമര്‍ത്തിയ സ്വന്തം പാര്‍ട്ടിയുടെ മഹത്തായ പാരമ്പര്യം രാഹുല്‍ഗാന്ധി മറക്കരുതെന്നും അമിത് ഷാ പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here