ജി എസ് ടി അപാകത പരിഹരിക്കാന്‍ നടപടി വേണം: കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍

Posted on: May 18, 2018 6:11 am | Last updated: May 18, 2018 at 12:13 am

കൊച്ചി: ജി എസ് ടിയിലെ അപാകതകള്‍ നിര്‍മാണ മേഖലയെ വന്‍പ്രതിസന്ധിയിലാക്കിയതായി കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍. വിഷയത്തില്‍ സര്‍ക്കാര്‍ ഉടന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ജൂലൈ 15 മുതല്‍ സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പിള്ളി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ജി എസ് ടി നടപ്പിലാക്കിയിട്ട് ഒരു വര്‍ഷം തികയുന്ന വേളയില്‍ കരാറുകാര്‍ക്ക് കൃത്യനിര്‍വഹണത്തിനുള്ള സാഹചര്യം ഒരുക്കുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നാളിതുവരെയും സാധിച്ചിട്ടില്ല. നിര്‍മാണങ്ങള്‍ നടത്തുന്ന മുറയ്ക്ക് ഇന്‍വോയിസുകള്‍ സ്വീകരിച്ച് കരാര്‍ തുകയും ജി എസ് ടിയും കൃത്യമായി നല്‍കുന്നതിനുള്ള സാഹചര്യം സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ടെന്‍ഡര്‍ ഷെഡ്യൂളുകളില്‍ വാറ്റ് നിരക്കുകളുാണ് ഇപ്പോഴും രേഖപ്പെടുത്തുന്നത്. അതുകൊണ്ട് പ്രതിമാസ റിട്ടേണുകള്‍ ഫയല്‍ ചെയ്യുവാന്‍ കരാറുകാര്‍ക്ക് സാധിക്കുന്നില്ല. ഇതിന്റെ പേരില്‍ വന്‍തുകയാണ് പിഴയിനത്തില്‍ ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ജൂലൈ മുതല്‍ വാറ്റില്‍ നിന്ന് ജി എസ് ടിയിലേക്ക് മാറ്റപ്പെടുമ്പോഴുണ്ടാകുന്ന അധിക നികുതി ബാധ്യത പരിഹരിക്കുവാന്‍ നഷ്ടപരിഹാര പാക്കേജ് സര്‍ക്കാര്‍ തലത്തില്‍ പ്രഖ്യാപിച്ചുവെങ്കിലും ബന്ധപ്പെട്ട വകുപ്പുകള്‍ നടപ്പാക്കിയിട്ടില്ല. മാര്‍ച്ച് 31ന് പാസാക്കിയ ബില്ലുകളിലെ പണം ഇതുവരെയും ലഭിക്കാത്തതിനാല്‍ വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനും സാധിക്കുന്നില്ല. ബേങ്കുകളുടെ സഹകരണത്തോടെ കുടിശ്ശിക അക്കൗണ്ടുകള്‍ വഴി വിതരണം ചെയ്യുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സംഘന ആവശ്യപ്പെട്ടു. സംസ്ഥാനവ്യാപക പണിമുടക്കിന് മുന്നോടിയായി ജൂലൈ നാലിന് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

കേരള വാട്ടര്‍ അതോറിറ്റി കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍, ഇലക്ട്രിക്കര്‍ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍, എല്‍എസ്ജിഡി കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ , പി എം ജി എസ് വൈ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ എന്നി സംഘടനകളും പണിമുടക്കിന്റെ ഭാഗമാകും. വി ഹരിദാസ്, കെ എ ജാന്‍സണ്‍, എന്‍ സുഗുതന്‍, ഷാജി ഇലവത്തില്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.