എം എല്‍ എമാരെ ഇന്ന് കൊച്ചിയിലെത്തിച്ചേക്കില്ല; നാളെ രാവിലെ എത്തുമെന്ന് സൂചന

വിമാനത്തിന് ഡി ജി സി എ അനുമതി നിഷേധിച്ചതാണ് യാത്ര മുടങ്ങാന്‍ കാരണം
Posted on: May 17, 2018 7:58 pm | Last updated: May 18, 2018 at 10:45 am

ബംഗളൂരു: മുഖ്യമന്ത്രി യെദിയൂരപ്പ കോണ്‍ഗ്രസ് ജെ ഡി (എസ്) എം എല്‍ എമാര്‍ താമസിക്കുന്ന റിസോര്‍ട്ടിന്റെ സുരക്ഷ പിന്‍വലിച്ച സാഹചര്യത്തില്‍ എം എല്‍ എമാരെ കര്‍ണാടകത്തില്‍ നിന്ന് കൊച്ചിയിലേക്ക് മാറ്റാന്‍ തീരുമാനമായി. എം എല്‍ എമാരെ നാളെ രാവിലെ കൊച്ചിയിലത്തിച്ചേക്കുമെന്നാണ് സൂചന. നേരത്തെ ഇന്ന് രാത്രിയോടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ എത്തിക്കുമെന്നായിരുന്നു വാര്‍ത്ത.
എം എല്‍ എമാരെ കൊണ്ട് വരുന്നതിനുള്ള പ്രത്യേക വിമാനത്തിന് ഡി ജി സി എ അനുമതി നിഷേധിച്ചതാണ് ഇവരുടെ യാത്ര മുടങ്ങാന്‍ കാരണം. നാളെ എം എല്‍ എമാരെ കൊച്ചിയിലെത്തിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ബി.എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ എം എല്‍ എമാരെ താമസിപ്പിച്ചിരുന്ന ഈഗിള്‍ ടെണ്‍ റിസോര്‍ട്ടിന്റെ സുരക്ഷ എടുത്തു കളഞ്ഞതിന് പിന്നാലെ സംസ്ഥാന ഇന്റലിജന്‍സ് മേധാവി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.

പോലീസിനെ പിന്‍വലിച്ചതിനാല്‍ ബെംഗളുരുവില്‍ എം എല്‍ എമാരെ നിര്‍ത്തുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്‌ജെഡിഎസ് നേതൃത്വം സുരക്ഷിത സ്ഥാനങ്ങള്‍ തേടിയത്. കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലേക്കാണ് എം എല്‍ എമാരെ മാറ്റുന്നത്. അതിനായി ഹോട്ടലിലെ നൂറിലധികം മുറികള്‍ ബുക്കുചെയ്തിട്ടുണ്ട്. എം എല്‍ എമാരെ കൊച്ചിയിലെത്തിക്കുന്നതിനായി രണ്ട് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തിട്ടുമുണ്ട്. ആദ്യം ജെ ഡി (എസ്) എം എല്‍ എമാരും ശേഷം കോണ്‍ഗ്രസ് എം എല്‍ എമാും കൊച്ചിയിലെത്തും. ഹോട്ടല്‍ അധികൃതരെ ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയിച്ച് കഴിഞ്ഞിട്ടുണ്ട്.