ശ്രീദേവിയുടെ മരണം ആസൂത്രിത കൊലപാതകമെന്ന് മുന്‍ എഎസ്പി

Posted on: May 17, 2018 2:23 pm | Last updated: May 17, 2018 at 2:23 pm

ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടേത് ആപകടമരണമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നും ഡല്‍ഹി പോലീസിലെ മുന്‍ എസിപി വേദ് ഭൂഷണ്‍. പോലീസില്‍ നിന്ന് വിമരമിച്ച ശേഷം ഒരു സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ് വേദ് ഭൂഷണ്‍. കേസുമായി ബന്ധപ്പെട്ട് ദുബൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോയി വിവരങ്ങള്‍ അന്വേഷിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരാളെ ബാത്ത്ടബ്ബില്‍ തള്ളിയിട്ട് കൊല്ലാനും കൊലപാതകത്തിന്റെ തെളിവുകള്‍ അവശേഷിപ്പിക്കാതെ തന്നെ അത് അപകട മരണമാണെന്ന് ചിത്രീകരിക്കാനും എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 24നാണ് ദുബൈയിലെ ആഢംബര ഹോട്ടലിലെ ബാത്ത് ടബ്ബില്‍ ശ്രീദേവി മുങ്ങി മരിക്കുന്നത്. മരണത്തെ ചൊല്ലി നിരവധി ഊഹാപോഹങ്ങള്‍ വന്നെങ്കിലും ശ്രീദേവിയുടേത് അപകട മരണമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം, ശ്രീദേവിയുടെ പേരില്‍ ഒമാനില്‍ 240 കോടിയുടെ ഇന്‍ഷ്വറന്‍സ് ഉണ്ടായിരുന്നുവെന്നും ഈ തുക യു.എ.ഇയില്‍ വച്ച് മരണപ്പെട്ടാല്‍ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ എന്നും കാണിച്ച് സംവിധായകന്‍ സുനില്‍ സിംഗ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണ കാര്യത്തില്‍ തങ്ങള്‍ക്ക് ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഹര്‍ജി തള്ളുകയായിരുന്നു