രാഹുല്‍- അമിത് ഷാ വാക്‌പോര്; ജനാധിപത്യത്തെ കശാപ്പ് ചെയ്തത് കോണ്‍ഗ്രസെന്ന് ഷാ

Posted on: May 17, 2018 12:18 pm | Last updated: May 17, 2018 at 1:29 pm

ന്യൂഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനക്ക് മറുപടിയുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ജെഡിയുവുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതോടെയാണ് ജനാധിപത്യത്തിന്റെ മരണം സംഭവിച്ചതെന്ന് അമിത് ഷാ പറഞ്ഞു. അവസരവാദ കൂട്ടുകെട്ട് ഉണ്ടാക്കിയ കോണ്‍ഗ്രസാണ് യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്തിരിക്കുന്നത്. കര്‍ണാടകയിലെ ജനങ്ങളുടെ ക്ഷേമമല്ല, മറിച്ച് വില കുറഞ്ഞ രാഷ്ട്രീയ നേട്ടമാണ് അവര്‍ ഇതിലൂടെ ലക്ഷ്യമിട്ടത്. ഇത് വലിയ നാണക്കേടാണ് – ഷാ പറഞ്ഞു. കര്‍ണാടകയില്‍ ബി.ജെ.പി വിജയം ആഘോഷിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ പരാജയത്തില്‍ ഇന്ത്യ വിലപിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി രാവിലെ പറഞ്ഞിരുന്നു. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ ഭരണഘടനയെ പരിഹസിക്കുന്നതിന് തുല്ല്യമാണെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.