Connect with us

International

62 ഫലസ്തീനികളെ വെടിവെച്ചു കൊന്ന സംഭവം തുര്‍ക്കിയും ഇസ്‌റാഈലും ഇടയുന്നു

Published

|

Last Updated

തുര്‍ക്കി: നിരപരാധികളായ 62 ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്നതിനെ ചൊല്ലി തുര്‍ക്കിയും ഇസ്‌റാഈലും ഇടയുന്നു. ഫലസ്തീനികളെ വെടിവെച്ചു കൊന്ന നടപടിയില്‍ പ്രതിഷേധിച്ച് ഇസ്‌റാഈല്‍ സ്ഥാനപതിയെ തുര്‍ക്കി പുറത്താക്കിയിരുന്നു. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇസ്‌റാഈല്‍ രംഗത്തെത്തി. ഇത് മോശം പെരുമാറ്റമായെന്നായിരുന്നു ഇസ്‌റാഈലിന്റെ പ്രതികരണം. പുറത്താക്കിയ ഇസ്‌റാഈല്‍ സ്ഥാനപതിയെ വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടി വി ചാനലുകള്‍ പുറത്തുവിട്ടിരുന്നു.

തുര്‍ക്കി കഴിഞ്ഞ ദിവസം ഇസ്താംബൂളിലെ ഇസ്‌റാഈല്‍ സ്ഥാനപതി എയ്തന്‍ നാവേയെ വിളിച്ചുവരുത്തുകയും കുറച്ചുകാലത്തേക്കെങ്കിലും ഇസ്‌റാഈലിലേക്ക് മടങ്ങിപ്പോകുന്നതായിരിക്കും ഉചിതമെന്നും അറിയിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമെന്ന നിലയില്‍, ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ തുര്‍ക്കിയിലേക്ക് തിരിച്ചുപോകാന്‍ ഇസ്‌റാഈല്‍ തുര്‍ക്കി സ്ഥാനപതിക്കും നിര്‍ദേശം നല്‍കിയിരുന്നു.

എയ്തന്‍ നാവേയെ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കുന്ന രംഗം ഒരു ടിവി ചാനലാണ് ക്യാമറയില്‍ പകര്‍ത്തി പൊതുജനത്തിന് മുമ്പില്‍ പ്രദര്‍ശിപ്പിച്ചത്. പുറത്താക്കപ്പെട്ട തങ്ങളുടെ സ്ഥാനപതിയെ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കുന്ന ദൃശ്യം പുറത്തുവിട്ടതിനെ ചൊല്ലി തുര്‍ക്കി സ്ഥാനപതിയെ വിളിച്ചുവരുത്തി ഇസ്‌റാഈല്‍ പ്രതിഷേധമറിയിച്ചു.

സൈന്യം 62 ഫലസ്തീനികളെ വെടിവെച്ചു കൊന്ന സംഭവത്തിന് പിന്നാലെ ഇസ്‌റാഈല്‍ ഭീകരരാഷ്ട്രമാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തുറന്നടിച്ചിരുന്നു. ഇതും ഇസ്‌റാഈലിനെ കൂടുതല്‍ പ്രകോപിപ്പിച്ചിട്ടുണ്ട്. ഗാസയില്‍ ഇസ്‌റാഈല്‍ ചെയ്തുകൊണ്ടിരിക്കുന്നത് തന്നെയാണ് വംശഹത്യയെന്നും ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.