LIVE: യദിയൂരപ്പയുടെ സത്യപ്രതിജ്ഞക്ക് സ്‌റ്റേ ഇല്ല; പിന്തുണക്കത്ത് കോടതിയിൽ ഹാജരാക്കണം

Posted on: May 17, 2018 12:48 am | Last updated: May 17, 2018 at 9:32 am

ബംഗളൂരു:കര്‍ണാടകയില്‍ യദിയൂരപ്പ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത് സുപ്രീം കോടതി തത്കാലം സ്റ്റേ ചെയ്തില്ല. ഇന്ന് നിശ്ചയിച്ച സത്യപ്രതിജ്ഞയുമായി യദിയൂരപ്പക്ക് മുന്നോട്ട് പോകാം. എന്നാൽ, യദിയൂരപ്പ ഗവർൺർക്ക് നൽകിയ പിന്തുണക്കുന്നവരുടെ ലിസ്റ്റ് ഉൾെപ്പടുന്ന കത്ത് വെള്ളിയാഴ്ച രാവിലെ പത്തരക്കുള്ളിൽ കോടതിയിൽ ഹാജരാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.ഇത് യദിയൂരപ്പക്ക് മുന്നിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. യദിയൂരപ്പയുടെ സത്യപ്രതിജ്ഞ തടയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ ഹർജിയിലാണ് കോടതി നടപടി.

ഹർജിയിൽ വീണ്ടും വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിന് ശേഷം മാത്രമേ സത്യപ്രതിജ്ഞ സാധുവാണോ എന്ന കാര്യത്തിൽ തീരുമാനമാകുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.യദിയൂരപ്പയെ കേസിൽ കക്ഷി ചേർക്കാനും അദ്ദേഹത്തിന് നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചു.

എന്നാൽ യദിയൂരപ്പയുടെ സത്യപ്രതിജ്ഞ വെെകീട്ട് നാലര വരെ തടയണമെന്ന ആവശ്യം കോൺഗ്രസിന് വേണ്ടി ഹാജരായ അഭിഷേക് സി‌ംഗ്വി ഉന്നയിച്ചിട്ടുണ്ട്.ഏതായാലും  യദിയൂരപ്പയുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ നടക്കുമെന്ന കാര്യം ഉറപ്പായി. ജസ്റ്റിസുമാരായ  എകെ സിക്രി, ബോബ്‌ഡേ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ മൂന്നംഗ ഭരണഘടനാ ബഞ്ചാണ് അര്‍ധരാത്രി കോൺഗ്രസിൻെറ ഹർജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ചത്. പുലർച്ചെ ഒന്നരക്ക് തുടങ്ങിയ വാദത്തിനൊടുവിൽ 4.25നാണ് കോടതി ഹർജിയിൽ നിലപാട് വ്യക്തമാക്കി വാക്കാൽ പരാമർശം നടത്തിയത്.

ബിജെപിയെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ കാര്യത്തില്‍ ഇടപെടുന്നത് ഭരണ നിര്‍വഹണത്തെ തടസ്സപ്പെടുത്തുമെന്ന് വാദം കേൾക്കുന്നതിനിടെ സുപ്രിം കോടതി നിരീക്ഷിച്ചു. ഇത് ഭരണഘടനാ പ്രതിസന്ധിക്ക് കാരണമാകുമെന്നും മൂന്നംഗ ഭരണഘടനാ ബഞ്ച് നിരീക്ഷിച്ചു.വലിയ ഒറ്റകക്ഷിയെ അല്ലേ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിക്കുകയെന്നും കോടതി ചോദിച്ചു.

അഭിഷേക് സിംഗ് വിയുടെ വാദങ്ങൾ

കര്‍ണാടക ഗവര്‍ണറുടെ നടപടി ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ് വി വാദിച്ചു. ഗവർണറുടെ നടപടി സംശയാസ്പദമാണ്. ഗവർണർക്ക് തോന്നുന്നവരെ അല്ല ഗവർണർ സർക്കാറുണ്ടാക്കാൻ വിളിക്കേണ്ടത്. കേവല ഭൂരിപക്ഷമുള്ള പാർട്ടിയേയോ സഖ്യത്തേയോ ആദ്യം വിളിക്കണം. ഏറ്റവും ഒടുവിൽ മാത്രമേ ഏറ്റവും വലിയ ഒറ്റകക്ഷിയെ വിളിക്കാനാകുകയുള്ളൂ – സിംഗ് വി വാദിച്ചു.

യെദിയൂരപ്പക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസം നല്‍കിയത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്. ഇത് കുതിരക്കച്ചവടത്തിന് വഴിയൊരുക്കലാണെന്നും സിംഗ് വി വാദിച്ചു. 117 പേരുടെ പിന്തുണ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിനുണ്ട്. എന്നിരിക്കെ 104 പേരുടെ മാത്രം പിന്തുണയുള്ള ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്നത് എങ്ങനെയെന്നും സിംഗ് വി ചോദിച്ചു.

മുകുൾ റോഹ്ത്തക്കിയുടെ വാദങ്ങൾ

ബിജെപിക്ക് വേണ്ടി ഹാജരായ മുകുള്‍ റോഹ്ത്തക്കി ശക്തമായ വാദങ്ങളാണ് ഉന്നയിച്ചത്. ഗവര്‍ണര്‍ എടുത്ത തീരുമാനം നടപ്പിലാക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ വിവേചനാധികാരത്തെ ചോദ്യം ചെയ്യുന്നത് എന്തിനെന്ന് റോഹ്ത്തക്കി ചോദിച്ചു. ഗവര്‍ണറുടെ തീരുമാനം ഏത് സമയത്തും സുപ്രീം കോടതിക്ക് റദ്ദാക്കാന്‍ അവകാശമുണ്ടെന്നിരിക്കെ അടിയന്തര പ്രാധാന്യത്തോടെ അര്‍ധരാത്രി കേസ് പരിഗണിക്കേണ്ട കാര്യം എന്താണെന്നും റോഹ്ത്തക്കി ചോദിച്ചു.

അസാധാരണ നടപടിയുമായി സുപ്രീം കോടതി

ബി ജെ പി നേതാവ് ബി എസ് യെദ്യൂരപ്പയെ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിന് പിറകേ നാടകീയ നിയമനടപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ടാണ് രാത്രി വൈകി കോണ്‍ഗ്രസ് സുപ്രീം കോടതിയിലെത്തിയത്. രണ്ട് ഹരജികളാണ് കോണ്‍ഗ്രസ് സമര്‍പ്പിച്ചത്. 11 മണിയോടെ ഹരജി റജിസ്ട്രാര്‍ക്ക് മുമ്പില്‍ എത്തിയതോടെ രാത്രി തന്നെ പരിഗണിക്കുമോ എന്നതായി ചോദ്യം. ഒരു മണിക്കൂറിന് ശേഷം ഉത്തരമെത്തി, സുപ്രിം കോടതിയുടെ ആറാം നമ്പർ കോടതി ഹരജി രാത്രി തന്നെ പരിഗണിക്കും. തുടര്‍ന്നാണ് മൂന്നംഗ ബഞ്ച് 1.45 ന് ഹരജിയില്‍ വാദം കേള്‍ക്കുമെന്ന തീരുമാനം വന്നത്.

ബാരിക്കേഡ് നിരത്തി വാര്‍ത്താ ലേഖകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ്‌വിയുടെ ട്വീറ്റുകളെ ആധാരമാക്കിയാണ് പിന്നീട് വിവരങ്ങള്‍ പുറത്ത് വന്നത്. ഒരൂ ഘട്ടത്തില്‍ ഗേറ്റിനടുത്തെത്തി അഭിഭാഷകര്‍ തന്നെ 1.45 ഹരജിയെടുക്കുന്നുവെന്ന വിവരത്തിന് സ്ഥിരീകരണം നല്‍കി.

കേവല ഭൂരിപക്ഷത്തിന് വേണ്ടതിലധികം അംഗങ്ങളുടെ പിന്തുണയുമായി കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യം സമീപിച്ചിട്ടും ഭൂരിപക്ഷമില്ലാത്ത കക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചത് ഭരണഘടനാവിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. സുപ്രീം കോടതിയിടെ മുന്‍ വിധികള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ഈ വാദം ഉന്നയിക്കുന്നത്. ഭൂരിപക്ഷം തെളിയിക്കാന്‍ ശേഷിയുള്ള സഖ്യത്തിന് സര്‍ക്കാറുണ്ടാക്കാന്‍ അവസരം നല്‍കണമെന്ന് വ്യക്തമാക്കുന്ന നിരവധി വിധികള്‍ സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. ഗോവ, മണിപ്പൂര്‍, മേഘാലയ സര്‍ക്കാറുകളുടെ കാര്യത്തില്‍ ഈയിടെയുണ്ടായ വിധികളും ഈ ദിശയിലുള്ളതാണ്.