ബിരുദ ഏകജാലക പ്രവേശനം: കാലിക്കറ്റില്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍

Posted on: May 17, 2018 6:22 am | Last updated: May 17, 2018 at 12:26 am

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ ബിരുദ പ്രവേശനം നേടാന്‍ ഏകജാലക സംവിധാനം വഴി ഇന്ന് മുതല്‍ അവസരം. ഇന്ന് വൈകീട്ട് അഞ്ച് മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങും. കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെയാണ് ഇത്തവണയും രജിസ്‌ട്രേഷന്‍ നടപടികള്‍. മെയ് 30 ആണ് രജിസ്‌ട്രേഷന്‍ ഫീസ് അടക്കാനുള്ള അവസാന തീയതി. രജിസ്‌ട്രേഷനുള്ള അവസാന ദിവസം മെയ് 31 ആണ്.

ജൂണ്‍ ഏഴിന് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ഓപ്ഷനുകളില്‍ മാറ്റം വരുത്താനുള്ള തീയതി ജൂണ്‍ ഏഴ്, എട്ട് ആണ്. ജൂണ്‍ 13ന് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ജൂണ്‍ 13 മുതല്‍ 16 വരെയാണ് ആദ്യ അലോട്ട്‌മെന്റ് ഉറപ്പാക്കാന്‍ മാന്‍ഡേറ്ററി ഫീസ് അടക്കാനുള്ള സമയം. രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 19ന് പ്രസിദ്ധീകരിക്കും. ഇവര്‍ക്ക് മാന്‍ഡേറ്ററി ഫീസ് അടക്കാന്‍ 19 മുതല്‍ 22 വരെ സമയം നല്‍കും. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ താത്കാലികമായോ സ്ഥിരമായോ കോളജുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം. കമ്മ്യൂണിറ്റി ക്വാട്ടയിലേക്കുള്ള റാങ്ക് ലിസ്റ്റ് 22ന് സര്‍വകലാശാലക്ക് കോളജുകള്‍ കൈമാറണം. സ്‌പോര്‍ട്‌സ് ക്വാട്ടയുടെ റാങ്ക് ലിസ്റ്റ് അതത് കോളജുകളാണ് പ്രസിദ്ധപ്പെടുത്തേണ്ടത്.

22നാണ് അതിനുള്ള സമയം. മൂന്നാം അലോട്ട്‌മെന്റ് ജൂണ്‍ 27ന് പ്രസിദ്ധീകരിക്കും. 27 മുതല്‍ 30 വരെ ഇവര്‍ക്ക് മാന്‍ഡേറ്ററി ഫീസ് അടക്കാം. ഇതേ ദിവസങ്ങളില്‍ തന്നെ അലോട്ട്‌മെന്റ് ലഭിച്ചവര്‍ കോളജുകളില്‍ സ്ഥിര പ്രവേശനത്തിന് റിപ്പോര്‍ട്ട് ചെയ്യണം. പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാനുള്ള സമയം 27 മുതല്‍ 30 വരെയാണ്. 27ന് കമ്യൂനിറ്റി ക്വാട്ടയുടെ റാങ്ക് ലിസ്റ്റ് അതത് കോളജുകള്‍ പ്രസിദ്ധീകരിക്കും.