ദുബൈ എമിഗ്രേഷനില്‍ മികച്ച ജീവനക്കാരനുള്ള അംഗീകാരം മലയാളിക്ക്

Posted on: May 16, 2018 8:14 pm | Last updated: May 16, 2018 at 8:14 pm
അബ്ദുല്‍ ഗഫൂര്‍ മണമ്മലിന് മികച്ച ജീവനക്കാരനുള്ള അംഗീകാരപത്രം എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി സമ്മാനിക്കുന്നു. മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ സമീപം

ദുബൈ: ദുബൈ എമിഗ്രേഷനില്‍ മികച്ച ജീവനക്കാരനുള്ള അംഗീകാരം മലയാളിക്ക്. മലപ്പുറം എടരിക്കോട് സ്വദേശി അബ്ദുല്‍ ഗഫൂര്‍ മണമ്മലിനാണ് 2017-18 വര്‍ഷത്തെ മികച്ച ജീവനക്കാരനുള്ള വകുപ്പിന്റെ അംഗീകാരം ലഭിച്ചത്. ദുബൈ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ദുബൈ എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അംഗീകാര സര്‍ട്ടിഫിക്കറ്റ് കൈമാറി. എമിഗ്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ സംബന്ധിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷമായി ദുബൈ എമിഗ്രേഷനില്‍ ഓഫീസ് ബോയിയായി ജോലി ചെയ്ത് വരികയാണ് ഗഫൂര്‍. നാടന്‍ കലാരൂപങ്ങളായ കോല്‍ക്കളി, വട്ടപ്പാട്ട് തുടങ്ങി കലങ്ങളില്‍ പ്രാഗല്‍ഭ്യം തെളിച്ച ഗഫൂര്‍ കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ വിജയി കൂടിയാണ്. പരേതനായ മണമ്മല്‍ ഹസന്‍-ആഇശ ദമ്പതികളുടെ മകനായ ഗഫൂര്‍ വകുപ്പിന്റെ മെയിന്റനന്‍സ് ആന്‍ഡ് പര്‍ച്ചേസ് ഡിപ്പാര്‍ട്‌മെന്റിലാണ് ജോലി ചെയ്തു വരുന്നത്. നസീബയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. ഇതിന് മുമ്പും മലയാളികള്‍ക്ക് വകുപ്പിന്റെ മികച്ച ജീവനക്കാര്‍ക്കുള്ള അംഗീകാരം ലഭിച്ചിരുന്നു.