Connect with us

International

ഉന്നതതല ചര്‍ച്ച റദ്ദാക്കി;‘ട്രംപ്- ഉന്‍ കൂടിക്കാഴ്ചയിലും കരിനിഴല്‍

Published

|

Last Updated

സിയോള്‍: ദക്ഷിണ കൊറിയയുമായി നടത്താനിരുന്ന ഉന്നതതല ചര്‍ച്ച ഉത്തര കൊറിയ റദ്ദാക്കി. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസത്തില്‍ പ്രതിഷേധിച്ചാണ് ഇന്നലെ നടക്കേണ്ടിയിരുന്ന ഉന്നതതല ചര്‍ച്ച വേണ്ടെന്ന് വെക്കാന്‍ ഉത്തര കൊറിയ തീരുമാനിച്ചത്. ഈ നീക്കം കൊറിയന്‍ ദ്വീപിനെ വീണ്ടും വിഭജനത്തിലേക്ക് തള്ളിവിടുമെന്നും ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കി. അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും അടുത്ത മാസം നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയെ സംബന്ധിച്ചും സംശയമുയര്‍ന്നിട്ടുണ്ട്. നേരത്തെ തീരുമാനിച്ച പ്രകാരം ചര്‍ച്ച നടക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി(കെ സി എന്‍ എ) സംശയം പ്രകടിപ്പിച്ചു.

അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസം ഉത്തര കൊറിയയെ മാത്രം ലക്ഷ്യമാക്കിയുള്ളതാണ്. ഉത്തര കൊറിയ നേരത്തെ നടത്തിയ പ്രഖ്യാപനത്തെ വെല്ലുവിളിക്കുന്നതാണ് ഈ നീക്കം. കൊറിയന്‍ ദ്വീപില്‍ പുരോഗമിച്ചുവരുന്ന സമാധാന അന്തരീക്ഷം പ്രകോപനം സൃഷ്ടിച്ച് ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും കെ സി എന്‍ എ റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണ കൊറിയയുമായി സഹകരിച്ച് അമേരിക്ക നടത്തുന്ന സൈനിക അഭ്യാസം അടുത്ത മാസം നടക്കാനിരിക്കുന്ന ചര്‍ച്ചയെ എങ്ങനെ ബാധിക്കുമെന്ന് അമേരിക്ക തിരിച്ചറിയണമെന്നും കെ സി എന്‍ എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഉത്തര കൊറിയന്‍ ഭീഷണിയെ കുറിച്ച് പ്രത്യേകിച്ചൊന്നും പ്രതികരിക്കാതെ, അടുത്ത മാസം നിശ്ചയിച്ച ചര്‍ച്ചയുമായി മുന്നോട്ടുപോകുമെന്ന് മാത്രമാണ് അമേരിക്കന്‍ നിലപാട്. അടുത്ത മാസം 12ന് സിംഗപ്പൂരില്‍ വെച്ചാണ് ട്രംപും കിം ജോംഗ് ഉന്നും തമ്മില്‍ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസത്തിന്റെ പ്രാധാന്യം വ്യക്തമായിട്ടുണ്ടെന്നായിരുന്നു നേരത്തെ കിം ജോംഗ് ഉന്‍ പറഞ്ഞിരുന്നത്. അതിനാല്‍ നിശ്ചയിച്ച പ്രകാരം ചര്‍ച്ചകളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്നും യു എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹിതര്‍ നോറട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ട്രംപുമായി ഉന്‍ നടത്താന്‍ നിശ്ചയിച്ച ചര്‍ച്ചയെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉത്തര കൊറിയയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.