ഇത്രയും മഹത്വമുള്ള ഒരു ജനത ഇന്ത്യയിലുണ്ട് എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു; കേരളത്തെ വാനോളം പുകഴ്ത്തി ഡോ. കഫീല്‍ ഖാന്‍

Posted on: May 16, 2018 2:13 pm | Last updated: May 16, 2018 at 2:15 pm

ന്യൂഡല്‍ഹി: യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ ഭരണകൂടഭീകരതക്ക് ഇരയായ യു പിയിലെ ഗോരഖ്പൂര്‍ ബി ആര്‍ ഡി മെഡിക്കല്‍ കോളജിലെ മുന്‍ ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാന്‍ കേരളാ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി. കേരളത്തിലെ പ്രകൃതിയേയും ജനങ്ങളേയും വാനോളം പുകഴ്ത്തിയ അദ്ദേഹം ഇനിയും കേരളത്തിലെത്തുമെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

ഈ രാജ്യത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ ആകെ മാറ്റി മറയ്ക്കുന്നതായിരുന്നു കേരളത്തിലൂടെയുള്ള തന്റെ യാത്രയെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയാല്‍ അനുഗ്രഹീതമായ നാടാണ് കേരളം. ഇവിടെ എല്ലാം സുന്ദരമാണ്. കായലും കടല്‍ തീരങ്ങളും പച്ചപ്പും മനസിനെ ശാന്തമാക്കുന്നതായിരുന്നു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സഞ്ചരിച്ച തനിക്ക് കേരളം സമ്മാനിച്ച അനുഭവം മികച്ചതായിരുന്നു. ഇത്രയും മഹത്വമുള്ള ജനത ഇന്ത്യയില്‍ നിലനില്‍ക്കുന്നുവെന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോരഖ്പൂരില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ യോഗി സര്‍ക്കാര്‍ കഫീല്‍ഖാനെ ജയിലടക്കുകയായിരുന്നു. ശ്വാസം കിട്ടാതെ പിഞ്ചുകുട്ടികള്‍ പിടഞ്ഞുമരിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഭരണകൂടത്തിന്റെ പരാജയം മറച്ചുവെക്കാന്‍ കഫീല്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.

ആശുപത്രിയില്‍ ഓക്‌സിജന്‍ തീര്‍ന്നതോടെ എല്ലാ വഴികളും താന്‍ തേടിയിരുന്നു. എന്നാല്‍ പിറ്റേന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയതോടെ കഥ മാറി. ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ മുന്നില്‍ വെച്ച് കഫീല്‍ ഖാന്‍ ആരാണെന്നും ഹീറോയാകുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. നമുക്ക് കാണാമെന്ന് അദ്ദേഹം ഭീഷണപ്പെടുത്തി. ജീവിതത്തില്‍ പലരില്‍ നിന്നും പാഠങ്ങള്‍ പഠിക്കും. യോഗി ആദിത്യനാഥില്‍ നിന്നും വലിയൊരു പാഠമാണ് പഠിച്ചത്.- ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ ശേഷം കഫീല്‍ഖാന്‍ പറഞ്ഞു.