ഗോട്‌സെ ഇല്ലാതെ ചാമ്പ്യന്‍ ടീം

ജര്‍മനി 27 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു
Posted on: May 16, 2018 6:13 am | Last updated: May 15, 2018 at 11:50 pm
മാനുവല്‍ ന്യൂവര്‍, മാരിയോ ഗോട്‌സെ

ഡോര്‍ട്മുണ്ട്: നിലവിലെ ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്മാരായ ജര്‍മനി റഷ്യയിലേക്കുള്ള 27 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. പരുക്കേറ്റ മാനുവല്‍ ന്യൂവറെ സംഘത്തില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ബ്രസീലില്‍ നിന്ന് കപ്പ് കൊണ്ടുവന്ന ടീമിലുണ്ടായിരുന്ന മാരിയോ ഗോട്‌സെക്ക് ഇടം ലഭിച്ചില്ല.

ജര്‍മനിയുടെ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ന്യൂവെര്‍ കഴിഞ്ഞ സെപ്തംബറിന് ശേഷം കളിക്കളത്തിലില്ല. അടുത്ത ആഴ്ച വടക്കന്‍ ഇറ്റലിയില്‍ ആരംഭിക്കുന്ന രണ്ടാഴ്ച നീളുന്ന പരിശീലന ക്യാമ്പില്‍ ന്യൂവര്‍ക്ക് കായിക ക്ഷമത തെളിയിക്കേണ്ടതുണ്ട്. അതിന് മുമ്പ് തന്നെ അദ്ദേഹത്തെ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ജര്‍മനി. ബയേണ്‍ മ്യൂണിച്ച് താരമായ ന്യൂവര്‍ ഉള്‍പ്പെടെ നാല് ഗോള്‍കീപ്പര്‍മാരെയാണ് മുഖ്യ കോച്ച് ജോവാഷിം ലോയെ പരിഗണിച്ചിട്ടുള്ളത്. ‘ഈ ആഴ്ച ബയേണ്‍ മ്യൂണിച്ചില്‍ നടക്കുന്ന പരിശീലനത്തില്‍ ന്യൂവര്‍ പങ്കെടുക്കുന്നുണ്ട്. അതിന് ശേഷം ഞങ്ങള്‍ അദ്ദേഹത്തോട് ആത്മാര്‍ഥതയോടെ തുറന്ന് ചോദിക്കും, ലോകകപ്പില്‍ കളിക്കാന്‍ പറ്റുമോ ഇല്ലയോ എന്ന്’- കോച്ച് ജോവാഷിം ലോ മനസ്സ് തുറന്നു.

എന്നാല്‍, 2014ലെ ഫൈനലില്‍ അര്‍ജന്റീനക്കെതിരെ വിജയ ഗോള്‍ നേടിയ മാരിയോ ഗോട്‌സെക്ക് ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല. പരുക്കും മോശം ഫോമുമാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. ലോ പ്രഖ്യാപിച്ച 27 അംഗ സ്‌ക്വാഡില്‍ ഗോട്‌സെ മാത്രമല്ല പല പ്രമുഖ പേരുകളും കാണാനില്ല. ലിവര്‍പൂള്‍ താരം എമ്രി ചാന്‍, ബയേണ്‍ താരം സാന്‍ഡ്രോ വാഗ്‌നര്‍, ഗോള്‍കീപ്പര്‍ ഉള്‍രെഷ് തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടും. അതേസമയം, ഡോര്‍ട്മുണ്ട് താരം റൂയിസ്, ഓസില്‍, ക്രൂസ്, മുള്ളര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ടീമില്‍ ഉണ്ട്.

ദക്ഷിണ കൊറിയ, മെക്‌സിക്കോ, സ്വീഡന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എഫിലാണ് ജര്‍മന്‍ ടീം. ജൂണ്‍ 17ന് മെക്‌സികോയില്‍ വെച്ച് മെക്‌സിക്കോക്കെതിരെയാണ് ജര്‍മനിയുടെ ആദ്യ കളി.

ജര്‍മനിയുടെ സാധ്യതാ ടീം: ഗോള്‍കീപ്പര്‍മാര്‍: ബെര്‍ണാര്‍ഡ് ലെനോ, മാനുവല്‍ ന്യൂവെര്‍, മാര്‍ക് ആന്‍ഡ്രെ, ടെര്‍സ്റ്റെഗന്‍, കെവിന്‍ ത്രാപ്.
ഡിഫന്‍ഡര്‍മാര്‍: ജെറോം ബോടെംഗ്, മാറ്റിയാസ് ജിന്റര്‍, ജോനസ് ഹെക്ടര്‍, മാറ്റ്‌സ് ഹ്യൂമല്‍സ്, ജോഷ്വ കിമ്മിച്ച്, മര്‍വിന്‍ പ്ലാറ്റെന്‍ഹാര്‍ട്, അന്റോണിയോ റുഡിഗര്‍, നിക്‌ലാസ് സ്വുലെ, ജോനാഥന്‍ഡ ടാ.

മിഡ്ഫീല്‍ഡ്/ഫോര്‍വാര്‍ഡ്: ജൂലിയന്‍ ബ്രാന്റ്, ജൂലിയന്‍ ഡ്രാക്‌സ്ലെര്‍, മാരിയോ ഗോമസ്, ലിയോണ്‍ ഗോരെറ്റ്‌സ്‌ക, ഇല്‍കി ഗുണ്ടോഗന്‍, സമി ഖേഡിര, ടോണി ക്രൂസ്, തോമസ് മുള്ളര്‍, മെസൂത് ഓസില്‍, നില്‍സ് പീറ്റേഴ്‌സന്‍, മാര്‍കോ റിയസ്, സെബാസ്റ്റ്യന്‍ റൂഡി, ലെറോയ് സെയ്ന്‍, ടിമോ വെര്‍ണര്‍.