Connect with us

Kerala

ദുബൈയില്‍ ഷിപ്പിലും റിഗ്ഗിലും ജോലി വാഗ്ദാനം നല്‍കി കോടികള്‍ തട്ടി തട്ടിപ്പ് നടത്തിയത്

Published

|

Last Updated

കൊച്ചി: ദുബൈയില്‍ ഷിപ്പിലും റിഗ്ഗിലുമായി ജോലി വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയെടുത്തതായി പരാതി. പുതുവൈപ്പ് സ്വദേശികളായ ജയന്തന്‍, അനില്‍ കുമാര്‍, ജയന്തന്റെ ഭാര്യ ഷീജ, അനില്‍ കുമാറിന്റെ ഭാര്യ സരസ്വതി എന്നിവര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

റീത്ത മാനേജ്മെന്റ് എന്ന ഇവരുടെ സ്ഥാപനം വഴി വിദേശത്തേക്ക് ജോലിക്ക് ശ്രമിച്ചവരെയാണ് വഞ്ചിച്ചത്. ഇവര്‍ പണം വാങ്ങിയ ശേഷം തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഇരയായവരുടെ സംഘം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റിഗ്ഗിലെ ജോലിക്കായി ആറര ലക്ഷവും ഷിപ്പിലെ ജോലിക്കായി നാല് ലക്ഷവുമാണ് റീത്ത മാനേജ്മെന്റ് എന്ന സ്ഥാപനത്തിന്റെ ഉടമകള്‍ വാങ്ങിയത്. തുക കൈപ്പറ്റിയ ശേഷം ജോലിക്ക് വേണ്ടി ചില കോഴ്സുകള്‍ പഠിക്കാന്‍ നിര്‍ദേശിക്കുകയും മുംബൈയില്‍ ഒന്നര വര്‍ഷത്തോളം താമസിക്കേണ്ടിയും വന്നു. എല്ലാം ശരിയായിട്ടുണ്ടെന്നും വീട്ടിലേക്ക് മടങ്ങിക്കൊള്ളാനും വിസ വരുമെന്നുമായിരുന്നു അവര്‍ പറഞ്ഞിരുന്നത്. പക്ഷേ, മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാതായതോടെ മുംബൈയില്‍ നേരത്തേ പോയ സ്ഥാപനത്തില്‍ ചെന്നപ്പോള്‍ അത് പൂട്ടിക്കിടക്കുകയായിരുന്നു. ഇതോടെ വഞ്ചിക്കപ്പെട്ടതാണെന്ന് മനസ്സിലായി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു.

തങ്ങളുടെ പരാതിയില്‍ കേസെടുക്കാതെ പ്രശ്നങ്ങള്‍ ഒത്തുത്തീര്‍ക്കാമെന്നാണ് പോലീസ് പറഞ്ഞിരുന്നത്. പരാതി സ്വീകരിച്ചതായി രസീത് നല്‍കാനും ഞാറയ്ക്കല്‍ പോലീസ് തയാറായില്ല. റീത്ത മാനേജ്മെന്റ് എന്ന സ്ഥാപനം അവരുടെ വീട്ടില്‍ തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ സ്ഥിരം എത്തി പണം ആവശ്യപ്പെട്ടതോടെ ചെക്കുകള്‍ നല്‍കിയെങ്കിലും ബേങ്കിലെത്തിയപ്പോള്‍ അക്കൗണ്ടില്‍ പണമുണ്ടായിരുന്നില്ല. ഇതോടെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചതിന്റെ കേസുകളും റീത്ത മാനേജ്മെന്റിന്റെ ഉടമകള്‍ക്കെതിരേയുണ്ട്.

പണം ലഭിക്കില്ലെന്ന് ഉറപ്പായതോടെയും ഞാറയ്ക്കല്‍ പോലീസ് സഹായിക്കില്ലെന്നും മനസ്സിലായതോടെ എസ് പി ഓഫീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് കബളിക്കപ്പെട്ട കെ വി സനീഷ് പറഞ്ഞു. എസ് പി ഓഫീസില്‍ പരാതിപ്പെട്ട ശേഷം ഞാറയ്ക്കല്‍ സ്റ്റേഷനില്‍ മൊഴി കൊടുക്കാനെത്തിയപ്പോള്‍ എസ് ഐയുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

അനില്‍ കുമാര്‍ അടക്കമുള്ളവര്‍ക്കെതിരേ പരാതി ലഭിച്ചിട്ടുണ്ടെന്ന് എസ് പി ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. റീത്ത മാനേജ്മെന്റ് കബളിപ്പിച്ച 20 ആളുകളെ ഇപ്പോള്‍ കണ്ടെത്താനായിട്ടുണ്ട്. അതിലുമേറെ പേര്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്. ചിലരെ ഏജന്‍സി ദുബൈയിലേക്ക് അയച്ചെങ്കിലും വാഗ്ദാനം ചെയ്ത ജോലി അല്ലാത്തതിനാല്‍ തിരിച്ചു പോരുകയായിരുന്നു. സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ടെന്ന് ഞാറയ്ക്കല്‍ എസ് ഐ. ആര്‍ റജീഷ് കുമാര്‍ പറഞ്ഞു.

Latest