Connect with us

Kerala

ഐ ടി പാര്‍ക്കുകളില്‍ ഇടംതേടി കൂടുതല്‍ കമ്പനികള്‍

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിലെ സൈബര്‍ പാര്‍ക്കുകളിലേക്ക് കൂടുതല്‍ ഐ ടി കമ്പനികളെത്തുന്നു. ആദ്യ ഐ ടി പാര്‍ക്കായ ടെക്‌നോ പാര്‍ക്കിനോട് തന്നെയാണ് കൂടുതല്‍ പേര്‍ക്കും താത്പര്യം. സ്ഥലം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുകയും നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്തതോടെ സ്ഥലം അനുവദിക്കുന്നതിന് വേഗം കൂടിയിട്ടുണ്ട്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഇടം തേടി കമ്പനികള്‍ ക്യൂവിലാണ്. ഇവിടെ ഒന്നാംഘട്ടത്തില്‍ 104 കമ്പനികളും മൂന്നാം ഘട്ടത്തില്‍ 97 കമ്പനികളും സ്ഥലത്തിനായി ക്യൂവിലുണ്ട്.

കോഴിക്കോട് സൈബര്‍ പാര്‍ക്ക് ഉടന്‍ ആദ്യത്തെ വൈഫൈ കാമ്പസ് ആകും. യു എസില്‍ നിന്നുള്ള ഓണ്‍ടാഷ് ഇന്ത്യ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഇവിടെ 50 സെന്റ് സ്ഥലം ഏറ്റെടുക്കാന്‍ താത്പര്യം അറിയിച്ചിട്ടുണ്ട്.

സൈബര്‍ പാര്‍ക്കില്‍ 50,000 ചതുരശ്ര അടിയുടെ പുതിയ കെട്ടിടം നിര്‍മിക്കാന്‍ അനുമതിയായിട്ടുണ്ട്. ഇവിടെ മൊബൈല്‍ ടെക്‌നോളജി ഹബിനും ഇന്‍ഫോപാര്‍ക്കില്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സിനും ടെക്‌നോസിറ്റിയില്‍ ഫിനാന്‍സ്, സൈബര്‍ സ്‌പേസ്, ബ്‌ളോക്ക് ചെയിന്‍, സൈബര്‍ സെക്യൂരിറ്റി എന്നിവക്കും പ്രധാന്യം നല്‍കിയുള്ള പദ്ധതികള്‍ നടപ്പാക്കാനാണ് ആലോചന. സൈബര്‍ പാര്‍ക്കില്‍ മൊബൈല്‍ ഇന്‍കുബേഷന്‍ സെന്ററിനായി 12500 ചതുരശ്ര അടി സ്ഥലമാണ് തയ്യാറാക്കുന്നത്.

രണ്ട് വര്‍ഷത്തിനിടെ 45 ലക്ഷം ചതുരശ്ര അടിസ്ഥലമാണ് ഐ ടി പാര്‍ക്കുകളില്‍ കമ്പനികള്‍ ഏറ്റെടുത്തത്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ജ്യോതിര്‍മയ കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ സഹ്യ എന്നീ കെട്ടിടങ്ങളിലും സ്ഥലത്തിനായി കമ്പനികളെത്തുന്നുണ്ട്. ഒമ്പത് നില കെട്ടിടമായ ജ്യോതിര്‍മയിയുടെ ആറ് നിലകള്‍ കമ്പനികള്‍ ഏറ്റെടുത്തു കഴിഞ്ഞു. നാല് നിലകളും മൂന്ന് ലക്ഷം ചതുരശ്ര അടിയുമുള്ള സഹ്യയില്‍ എട്ട് കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങി.

മൂന്ന് കമ്പനികള്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. ഇവിടെ നിലവില്‍ 260 ജീവനക്കാരുണ്ട്. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ഇരു കെട്ടിടങ്ങളുടെയും 50 ശതമാനം സ്ഥലവും ഐ ടി കമ്പനികള്‍ ഏറ്റെടുത്തെന്ന പ്രത്യേകതയുണ്ട്. ജ്യോതിര്‍മയയില്‍ നിലവില്‍ 22 കമ്പനികളും ആയിരം ജീവനക്കാരുമുണ്ട്.

പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ ഏപ്രില്‍ 2019 ഓടെ രണ്ട് ലക്ഷം ചതുരശ്ര അടി സ്ഥലം തയ്യാറാകും. ഇതോടെ ഇവിടെ കൂടുതല്‍ കമ്പനികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ടെക്‌നോപാര്‍ക്കിലെ ഗായത്രി എന്ന കെട്ടിടത്തിന് മുകളിലായി 25,000 ചതുരശ്രഅടി സ്ഥലം അടുത്തിടെ ഒരുക്കി സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്കായി നല്‍കിക്കഴിഞ്ഞു. പാര്‍ക്ക് സെന്ററിന് താഴെയായി 10,000 ചതുരശ്ര അടിയും ഒരുക്കിയിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റിയും ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കും പൂര്‍ണമായും സജ്ജമാകുന്നതോടെ കൂടുതല്‍ കമ്പനികള്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കില്‍ 33 കമ്പനികള്‍ക്ക് സ്ഥലം ലഭിക്കും. ഇവിടെ ആയിരം പേര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.