കര്‍ണാടകയില്‍ ജെഡിഎസുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി

Posted on: May 15, 2018 2:36 pm | Last updated: May 16, 2018 at 11:27 am

ബംഗളുരു: ജെഡിഎസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ദേവഗൗഡയുമായി ഗുലാംനബി ആസാദ് ചര്‍ച്ച നടത്തി. സര്‍ക്കാര്‍ രൂപീകരണ കാര്യത്തില്‍ സോണിയാ ഗാന്ധി നേരിട്ട് ഇടപെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

222 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 107 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് 73 സീറ്റില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത് . ഈ സാഹചര്യത്തിലാണ് 40 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്ന ജെഡിഎസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങിയത് . എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനമാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ക്കിടെയാണ് അവസാന ശ്രമമെന്ന നിലയില്‍ ജെഡിഎസിനെ കൂട്ടുപിടിച്ച് സര്‍ക്കാറുണ്ടാക്കാനുള്ള ശ്രമം അണിയറയില്‍ കോണ്‍ഗ്രസ് നടത്തുന്നത്. അതേ സമയം തങ്ങള്‍ ഒറ്റക്ക് സര്‍ക്കാറുണ്ടാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.