പേമാരിയും പൊടിക്കാറ്റും: മരണം 75

Posted on: May 15, 2018 6:17 am | Last updated: May 15, 2018 at 12:21 am

ന്യൂഡല്‍ഹി/ ബെംഗളൂരു: പൊടിക്കാറ്റും പേമാരിയും കാരണം ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ എണ്ണം 75 ആയി. ശക്തമായ കാറ്റും ഇടിയോടുകൂടിയ മഴയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചത്. നിരവധി മരങ്ങള്‍ കടപുഴകുകയും റെയില്‍, വിമാന സര്‍വീസുകള്‍ തടസ്സപ്പെടുകയും ചെയ്തു. യു പിയില്‍ മാത്രം 51 പേര്‍ മരിച്ചിട്ടുണ്ട്. പശ്ചിമബംഗാളില്‍ 12ഉം ആന്ധ്രയില്‍ ഒമ്പതും പേര്‍ മരിച്ചു.

അതിനിടെ, ബി ജെ പി പാര്‍ലിമെന്റംഗം ഹേമമാലിനി തലനാരിഴക്കാണ് മരം വീഴ്ചയില്‍ നിന്ന് രക്ഷപ്പെട്ടത്. യു പിയിലെ മഥുരയില്‍ കനത്ത മഴയില്‍ ഹേമമാലിനിയുടെ അകമ്പടി വാഹനത്തിന്റെ മുമ്പില്‍ മരം വീഴുകയായിരുന്നു. മിതൗലി ഗ്രാമത്തില്‍ പൊതുയോഗത്തില്‍ സംസാരിക്കാന്‍ പോകുകയായിരുന്നു അവര്‍.

ഉത്തരേന്ത്യയില്‍ കഴിഞ്ഞ മാസമുണ്ടായ പൊടിക്കാറ്റില്‍ നൂറുകണക്കിന് പേര്‍ മരിച്ചിരുന്നു. ഡല്‍ഹിയില്‍ കനത്ത പൊടിക്കാറ്റാണുണ്ടായത്.
ബെംഗളൂരുവില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴ ജനജീവിതം താറുമാറാക്കി. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. വൈകീട്ടോടെയാണ് കനത്ത ഇടിയോടു കൂടി മഴ പെയ്യുന്നത്.

പലയിടങ്ങളിലും ശക്തമായ കാറ്റിലും മഴയിലും വന്‍ മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. ശക്തമായ മഴയില്‍ നഗര പ്രദേശങ്ങളിലെല്ലാം വെള്ളം പൊങ്ങുന്നുണ്ട്. ചെറുതും വലുതുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാനും ഇത് കാരണമാകുന്നു. വൈകുന്നേരങ്ങളില്‍ സാധാരണയായി അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന്റെ ഇരട്ടിയാണ് ഈ സമയത്ത് ഉണ്ടാകുന്നത്.

നഗരമാലിന്യങ്ങള്‍ റോഡിലേക്ക് ഒഴുകി വരുന്നതും സുഗമമായ വാഹന ഗതാഗതത്തിന് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. വൈകീട്ട് വൈദ്യുതി മുടങ്ങുന്നതും പതിവാണ്.