ഇറാഖ് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മുഖ്താദ അല്‍സദര്‍ വിജയത്തിലേക്ക്

പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബ്ബാദി മൂന്നാം സ്ഥാനത്ത്
Posted on: May 15, 2018 6:14 am | Last updated: May 14, 2018 at 11:46 pm

ബഗ്ദാദ്: ഇറാഖ് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ശക്തനായ ശിയാ നേതാവ് മുഖ്താദ അല്‍സദറിന്റെ സഖ്യം വിജയത്തിലേക്കെന്ന് ആദ്യ തിരഞ്ഞെടുപ്പ് ഫലം. പകുതിയിലേറെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ മുഖ്താദ അല്‍സദറാണ് മുന്നിട്ടുനില്‍ക്കുന്നതെന്ന് ഇറാഖ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇറാന്‍ പിന്തുണയുള്ള വിമതര്‍ വര്‍ഷങ്ങളായി അല്‍സദറിനെതിരെ രംഗത്തുണ്ട്. ഇറാന്‍ പിന്തുണയുള്ള പാരമിലിട്ടറി കമാന്‍ഡര്‍ ഹാദി അല്‍അമീരിയാണ് രണ്ടാം സ്ഥാനത്തുള്ളത്. എന്നാല്‍ വിജയം ഉറപ്പിച്ചിരുന്ന പ്രധാനമന്ത്രി ഹൈദര്‍ അല്‍അബ്ബാദിയുടെയും സഖ്യത്തിന്റെയും സ്ഥിതി പരുങ്ങലിലാണ്. ഇവര്‍ മൂന്നാം സ്ഥാനത്താണുള്ളത്.

അതേസമയം, എട്ട് പ്രവിശ്യകളിലെ തിരഞ്ഞെടുപ്പ് ഫലം ഇനിയും പുറത്തുവരാനുണ്ട്. തലസ്ഥാനമായ ബഗ്ദാദിന് ശേഷം ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള നിനേവയിലെ ഫലങ്ങളും പുറത്തുവന്നിട്ടില്ല. ഇറാഖില്‍ ഇസിലിനെ പൂര്‍ണമായും പരാജയപ്പെടുത്തിയ ശേഷം ഇതാദ്യമായാണ് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം അമേരിക്കയുടെയും പാശ്ചാത്യന്‍ രാജ്യങ്ങളുടെയും പിന്തുണയുള്ള ഹൈദര്‍ അല്‍അബ്ബാദിയുടെ വിധിനിര്‍ണയിക്കുമെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഹൈദര്‍ അല്‍അബ്ബാദിയുടെ സഖ്യം തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നായിരുന്നു വ്യാപകമായി കരുതപ്പെട്ടിരുന്നത്. എന്നാല്‍ പകുതിയിലിധകം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞതോടെ പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും നില പരുങ്ങലിലായിരിക്കുകയാണ്. പൂര്‍ണഫലം ഇനിയും പുറത്തുവന്നിട്ടില്ല.

അബ്ബാദിയില്‍ നിന്ന് വ്യത്യസ്തമായി, അല്‍സദര്‍ അമേരിക്കയെയും ഇറാനെയും ശത്രുവായി കണക്കാക്കുന്ന അപൂര്‍വം ശിയാ നേതാക്കളില്‍ ഒരാളാണ്. ഇറാഖിലെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിനെതിരെ രണ്ട് തവണ ജനങ്ങളെ പ്രക്ഷോഭരംഗത്തിറക്കിയ അല്‍സദര്‍, ഇറാനുമായി കാലങ്ങളായി അകലം പാലിച്ചുവരുന്നു. എന്നാല്‍ അല്‍സദറിന് ഒറ്റക്ക് പാര്‍ലിമെന്റില്‍ അധികാരത്തിലേറാവുന്ന ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 90 ദിവസത്തിനകം പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നാണ് ഇറാഖ് ഭരണഘടന നിര്‍ദേശിക്കുന്നത്.