Connect with us

National

സുനന്ദപുഷ്‌കറിന്റെ മരണം: കുറ്റപത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

Published

|

Last Updated

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കുറ്റപത്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എം.പി രംഗത്തെത്തി. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കുറ്റപത്രമാണ് ഡല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. നാല് വര്‍ഷത്തിലധികം അന്വേഷണം നടത്തി കണ്ടെത്തിയതിതാണെങ്കില്‍ അന്വേഷണ രീതിയിലും കുറ്റപത്രത്തിലും ദുരൂഹതയുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

കുറ്റപത്രത്തെ ശക്തമായി തന്നെ നേരിടും. സുനന്ദയുടെ ആത്മഹത്യക്ക് പിന്നില്‍ താനാണെന്ന് തങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല. ഇക്കാര്യത്തില്‍ പോലീസിന്റെ നടപടി അവിശ്വസനീയമാണെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശശി തരൂര്‍ എംപിയെ പ്രതിയാക്കി ഡല്‍ഹി പോലീസ് ഇന്നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്. ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡനം എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സുനന്ദ ആത്മഹത്യ ചെയ്‌തെന്നാണ് ഡല്‍ഹി പോലീസിന്റെ കണ്ടെത്തല്‍.

2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീലാ ഹോട്ടലിലെ റൂം നമ്പര്‍ 345ല്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള ഗുളിക അമിതമായ തോതില്‍ കഴിച്ചതാണ് സുനന്ദയുടെ മരണത്തിന് കാരണമായതെന്നായിരുന്നു നേരത്തെയുള്ള നിഗമനം. എന്നാല്‍ സുനന്ദയുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വിഷം ഉള്ളില്‍ ചെന്നുള്ള അസ്വാഭാവിക മരണം എന്നാണ് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് പോലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ശശി തരൂരും പാക്ക് മാധ്യമ പ്രവര്‍ത്തകയായ മെഹ്ര്! തരാറുമായുള്ള ബന്ധത്തിനെതിരെ സുനന്ദ പുഷ്‌കര്‍ രംഗത്തെത്തിയിരുന്നു. പിന്നീട് ഇരുവരും സംയുക്ത വാര്‍ത്താ കുറിപ്പിറക്കി വിവാദങ്ങള്‍ നിഷേധിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശശി തരൂരാണ് മരണ വിവരം പോലീസിനെ അറിയിച്ചിരുന്നത്.