രണ്ടാഴ്ചക്കകം ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കും: ഉ. കൊറിയ

Posted on: May 14, 2018 6:17 am | Last updated: May 14, 2018 at 12:03 am

സിയൂള്‍: രണ്ടാഴ്ചക്കകം തങ്ങളുടെ ആണവ പരീക്ഷണ പ്രദേശങ്ങള്‍ നശിപ്പിക്കാന്‍ ആരംഭിക്കുമെന്ന് ഉത്തര കൊറിയ. ഈ മാസം 23നും 25നും ഇടയില്‍ പദ്ധതി നടപ്പാക്കാനുള്ള സാങ്കേതിക ആലോചനകള്‍ നടത്തുന്നുണ്ടെന്നും ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി കെ സി എന്‍ എ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ സെപ്തംബറില്‍ ആണവ പരീക്ഷണ കേന്ദ്രം ഭാഗികമായി തകര്‍ന്നതായി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും തമ്മില്‍ നടക്കുന്ന ചരിത്രപരമായ കൂടിക്കാഴ്ചക്ക് മൂന്നാഴ്ച മാത്രം അവശേഷിക്കവെയാണ് ഈ പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. മെയില്‍ ആണവ കേന്ദ്രം നശിപ്പിക്കുമെന്നും ദക്ഷിണ കൊറിയയുടെയും അമേരിക്കയുടെയും പ്രതിനിധികള്‍ക്ക് ഇത് നേരിട്ട് കാണാന്‍ അവസരമുണ്ടെന്നും കഴിഞ്ഞ ഏപ്രിലില്‍ ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നതാണ്.