Connect with us

Gulf

റോഡില്‍ വീണ ഫോണെടുക്കാന്‍ ഡ്രൈവറെ സഹായിക്കാന്‍ പോലീസ് ഗതാഗതം നിര്‍ത്തിവെച്ചു

Published

|

Last Updated

ദുബൈ: യാത്രക്കിടെ മൊബൈല്‍ ഫോണ്‍ റോഡില്‍ വീണ ഡ്രൈവറെ സഹായിക്കാന്‍ ദുബൈ പോലീസ് തിരക്കേറിയ ശൈഖ് സായിദ് റോഡില്‍ ഗതാഗതം നിര്‍ത്തിവെച്ചു. ഇതിനിടെ അറബ് വംശജനായ ഡ്രൈവര്‍ ദുബൈ പോലീസിന് കൃതജ്ഞത അറിയിച്ചു സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തു.

വാഹനമോടിക്കുന്നതിനിടെ തന്റെ ഫോണ്‍ ശൈഖ് സായിദ് റോഡിലെ തിരക്കുള്ള പാതയില്‍ വീഴുകയായിരുന്നു. ഉടനെ സഹായത്തിനായി ദുബൈ പോലീസിനെ വിളിച്ചു. തിരക്കേറിയ പാതയില്‍ നിന്ന് ഫോണ്‍ തിരിച്ചു കിട്ടില്ലെന്നായിരുന്നു കരുതിയത്. ദുബൈ പോലീസിനെ വിളിച്ചു വിവരങ്ങള്‍ പറഞ്ഞു. രണ്ട് മിനുട്ടിനുള്ളില്‍ ദുബൈ പോലീസ് ആസ്ഥാനത്തു നിന്ന് ഫോണ്‍ വിളി എത്തി. ആ ഭാഗത്തു പട്രോളിംഗിലുള്ള പോലീസ് സംഘം സഹായിക്കുമെന്ന് പറഞ്ഞിട്ടായിരുന്നു അതെന്ന് യുവാവിന്റെ വീഡിയോയില്‍ പറയുന്നുണ്ട്. തിരക്കേറിയ റോഡിലെ ഗതാഗതം കുറച്ചു നേരത്തേക്ക് നിര്‍ത്തിവെച്ച പട്രോള്‍ സംഘം ശൈഖ് സായിദ് റോഡിന്റെ മധ്യത്തിലൂടെ നടന്നു വന്ന് ഫോണ്‍ തിരികെ എടുക്കുന്നതിന് ആവശ്യപ്പെടുകയായിരുന്നു.

എന്റെ ജീവിതത്തില്‍ അവിചാരിതമാണ് സംഭവം. തിരക്കേറിയ റോഡില്‍ ഗതാഗതം നിര്‍ത്തിവെച്ചു പോലീസ് തന്നെ സഹായിക്കുമെന്ന് താന്‍ കരുതിയിരുന്നില്ല. സിനിമ രംഗങ്ങളെ വെല്ലുന്ന രീതിയിലായിരുന്നു ദുബൈ പോലീസ് അന്നേരത്തു കാര്യങ്ങളെ കൈകാര്യം ചെയ്തതെന്ന് യുവാവ് വീഡിയോയില്‍ പറയുന്നു.

യുവാവിന്റെ സാമൂഹിക മാധ്യമങ്ങളിലെ വീഡിയോക്ക് മറുപടിയായി ദുബൈ പോലീസിന്റെ ട്വീറ്റും വന്നു. “നന്ദി, പൊതു ജനങ്ങള്‍ക്ക് ദുബൈ പോലീസിന്റെ വിദഗ്ദ്ധ സേവനങ്ങള്‍ ലഭിക്കുന്നതിന് എല്ലാ അവകാശവും ഉണ്ട്. ഞങ്ങള്‍ ഇപ്പോഴും നിങ്ങളുടെ സേവനത്തിനായി കര്‍മ നിരതമാണ്”.

---- facebook comment plugin here -----