ബിജെപിയെ തോല്‍പ്പിക്കാന്‍ കൈപ്പത്തിക്ക് വോട്ട് ചെയ്യുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി

Posted on: May 13, 2018 12:02 pm | Last updated: May 13, 2018 at 12:02 pm
പി മോഹനന്‍ മാസ്റ്റര്‍

കോഴിക്കോട്: ബി ജെ പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. ബി ജെ പിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാനുള്ള സന്ദര്‍ഭത്തെ ഒറ്റക്കെട്ടായി ഉപയോഗിക്കണമെന്നും ഇതിന് വിശാലമായ യോജിപ്പ് വേണമെന്നും അദ്ദേഹം പറഞ്ഞു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി കോഴിക്കോട് സ്വപ്‌ന നഗരിയില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് നേതാക്കളായ എം കെ രാഘവന്‍ എം പി, എം ഐ ഷാനവാസ് എന്നിവര്‍ പങ്കെടുത്ത പരിപാടിയാലാണ് പി മോഹനന്റെ അഭിപ്രായപ്രകടനം എന്നതും ശ്രദ്ധേയമാണ്.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി എം പരക്കെ മത്സരിക്കില്ല. കേരളം ഉള്‍പ്പെടെ സി പി എമ്മിന് കരുത്തുള്ള മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് മോഹനന്‍ പറഞ്ഞു. പാര്‍ട്ടിക്ക് സ്വാധീനം കുറഞ്ഞ മണ്ഡലങ്ങളില്‍ വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന പണി ചെയ്യില്ല.

നയപരമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും കോണ്‍ഗ്രസിന് വോട്ട് ചെയ്യും. കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ ശക്തമായ മത്സരം വന്നാല്‍ സി പി എമ്മിന്റെ വോട്ടുകള്‍ കോണ്‍ഗ്രസിന് നല്‍കും. ഒരു മുന്‍വിധിയുമില്ലാതെയാണ് കോണ്‍ഗ്രസിന് വോട്ട് നല്‍കുക. ബി ജെ പിയെ പരാജയപ്പെടുത്തുക എന്നത് മാത്രമാണ് ലക്ഷ്യം.
അഞ്ച് കൊല്ലം കഴിഞ്ഞാല്‍ അടുത്ത അഞ്ച് കൊല്ലം വരെ കാത്തിരിക്കണം. രാജ്യത്തിന്റെ മുഖ്യശത്രു ഹിന്ദുത്വ ശക്തികളാണ്. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ബി ജെ പിക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. ഭാരതത്തില്‍ മതന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്നും എന്നാല്‍ മതരാഷ്ട്രമായി മാറിയ പാക്കിസ്ഥാനില്‍ ഇന്ന് മതന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്നും അവര്‍ക്ക് ഭയത്തോടുകൂടി ജീവിക്കേണ്ട സാഹചര്യമില്ലെന്നും പി മോഹനന്‍ അഭിപ്രായപ്പെട്ടു.