തിയേറ്ററിലെ പീഡനം: പോലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ചെന്നിത്തല

Posted on: May 13, 2018 11:32 am | Last updated: May 13, 2018 at 3:13 pm
SHARE

തിരുവനന്തപുരം: പത്ത് വയസുകാരിയെ തിയേറ്ററില്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പരാതി കിട്ടിയിട്ടും കേസെടുക്കാതിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടികളും ക്രിമിനല്‍ നടപടികളും എടുക്കണമെന്ന്് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല സംസ്ഥാന പോലീസ് മേധാവിക്കും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും കത്തയച്ചു.

പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ മാസം 26ന് തിയേറ്റര്‍ ഉടമകള്‍ ചൈല്‍ഡ് ലൈന് കൈമാറുകയും അവര്‍ ചങ്ങരംകുളം പോലീസില്‍ പരാതി എഴുതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ടെലിവിഷന്‍ ചാനലുകള്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിന് ശേഷം മാത്രമാണ് കേസെടുക്കാന്‍ പോലീസ് തയ്യാറായത്. ഇതില്‍ നിന്ന് പ്രതിയും പോലീസും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന് വ്യക്തമാണ്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ സഹായം ചെയ്ത് കൊടുത്ത സ്ത്രീയും പോക്‌സോ നിയമപ്രകാരം കുറ്റകൃത്യം ചെയ്തിരിക്കുകയാണ്. പോക്‌സോ നിയമം പ്രകാരം കേസെടുത്ത് ക്രിമിനല്‍ നടപടി ക്രമത്തിന് വിധേയമാക്കേണ്ട കുറ്റകൃത്യങ്ങളാണ് പോലീസ് ഉദ്യേഗസ്ഥര്‍ ചെയ്തിരിക്കുന്നത്.

കുട്ടികള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങള്‍ ആരെങ്കിലും കാണുകയോ ആരുടെയെങ്കിലും അറിവിലോ ശ്രദ്ധയിലോ പെടുകയും ചെയ്താല്‍ പോക്‌സോ നിയമത്തിലെ 19 (1) വകുപ്പ് പ്രകാരം ലോക്കല്‍ പോലീസിനെയും പ്രത്യേക ജുവനൈല്‍ പൊലീസിനെയോ വിവരമറിയിക്കുകയും പൊലീസ് അത് രേഖപ്പെടുത്തുകയും വേണമെന്നാണ് ചട്ടം. ഇത് ലംഘിക്കപ്പെട്ടാല്‍ അതിന് ഉത്തരവാദികളായ ഉദ്യോസ്ഥര്‍ക്കെതിരെ കേസെടുക്കാം. ഈ കേസില്‍ പ്രതിക്ക് വേണ്ടി നില കൊണ്ട ഡി.വൈ എസ്.പിക്കും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കുമെതിരെ പ്രതിയുമായി ഗൂഢാലോചന നടത്തിയതിന് ക്രിമിനല്‍ കേസ് എടുക്കണമെന്നും അവരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here