തിയേറ്റര്‍ ഉടമ പറയുന്നു…. കുഞ്ഞിനോടുള്ള ക്രൂരത സഹിക്കാനാകാത്തതിനാലാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്

Posted on: May 13, 2018 10:40 am | Last updated: May 13, 2018 at 12:54 pm

മലപ്പുറം: എടപ്പാളിലെ തീയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര അലംഭാവം. കേസിന്റെ പുരോഗതി ചോദിച്ചെങ്കിലും അന്വേഷണം നടക്കുന്നുവെന്ന ഒഴുക്കന്‍ മറുപടി മാത്രമാണ് നല്‍കാറുണ്ടായിരുന്നതെന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറയുന്നു. തൃത്താലയിലെ വ്യവസായി ആണെന്നതിനാല്‍ പോലീസ് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. സംഭവം പുറത്തായതോടെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നിര്‍ബന്ധിതരാകുകയായിരുന്നു.

തിയേറ്ററിലെ സി സി ടിവിയിലൂടെ ദൃശ്യങ്ങള്‍ കണ്ട തിയേറ്റര്‍ ഉടമ സനൂപാണ് ഏപ്രില്‍ 25ന് ചൈല്‍ഡ്‌ലൈനെ സമീപിച്ചത്. പൊന്നാനിയിലെ ചൈല്‍ഡ് ലൈന്‍ സപ്പോര്‍ട്ടിംഗ് ഓഫീസര്‍ ശിഹാബിനെ വിവരം അറിയിക്കുകയും സി സി ടി ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു. ചെറിയ കുഞ്ഞിനോട് ചെയ്യുന്ന ക്രൂരത സഹിക്കാനാകാത്തതിനാലാണ് ചെല്‍ഡ്‌ലൈനില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് തിയറ്റര്‍ ഉടമ സനൂപ് പറഞ്ഞു. പിറ്റേ ദിവസം ചങ്ങരംകുളം പോലീസിന് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ പരാതി കൈമാറിയെങ്കിലും പോലീസ് അനങ്ങിയില്ലെന്നാണ് വ്യക്തമാകുന്നത്.

ക്രൂരമായ പീഡനത്തില്‍ കുറ്റക്കാരെ കുടുക്കാന്‍ യഥാസമയം നടപടി സ്വീകരിച്ച തീയേറ്റര്‍ ഉടമയെ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ നേരിട്ട് കണ്ട് അഭിനന്ദനം അറിയിച്ചിരുന്നു.