മാനഭംഗപ്പെടുത്തല്‍ സംഘ്പരിവാര്‍ പുതിയ ആയുധമായി സ്വീകരിച്ചു: കെഇഎന്‍

Posted on: May 12, 2018 9:46 am | Last updated: May 12, 2018 at 9:46 am

തൃശൂര്‍: മാനഭംഗപ്പെടുത്തല്‍ തങ്ങളുടെ പുതിയ ആയുധമായി സ്വീകരിച്ചിരിക്കുകയാണ് സംഘ്പരിവാറെന്ന് പ്രമുഖ സാഹിത്യകാരന്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. ‘കത്വ, ഉന്നോവ, സൂറത്ത് -വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ മതേതര ഇന്ത്യ ഒരുമിക്കുന്നു’ എന്ന പ്രമേയത്തില്‍ പി ഡി പി നടത്തിയ രാജ്യരക്ഷാക്യമ്പയിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കത്വയിലെ പെണ്‍കുട്ടിക്ക് നേരെ നടന്ന ക്രൂരമായ പീഢനം ഇന്ത്യന്‍ ഫാഷിസം സമാധാനപരമായ സമൂഹത്തിന് നേരേ തൊടുത്തുവിട്ട മാരകമായ മിസൈലാണ്. ഈ കുറ്റകൃത്യത്തിലെ ഒന്നാം പ്രതിയുടെ കുടുംബം ഒന്നടങ്കം ഈ പീഢനത്തില്‍ പങ്കാളികളാണെന്നത് ഫാസിസം നല്‍കുന്ന പുതിയ സൂചനകളാണെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ സാഹിത്യഅക്കാദമി ഹാളില്‍ നടന്ന സമാപന സമ്മേളനം ഇന്നസെന്റ് എം പി ഉദ്ഘാടനം ചെയ്തു. വിദ്വേഷങ്ങളില്ലാത്ത സമൂഹത്തിന് മാത്രമേ നന്മയുടെ പച്ചപ്പ് സൃഷ്ടിക്കാനാകൂവെന്നും നന്മ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ നല്ലതിനൊപ്പം ഒരേ ചേരിയില്‍ നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇന്നസെന്റ് പറഞ്ഞു. വിദ്യാഭ്യാസം കൊണ്ട് മാത്രം നല്ല മനുഷ്യരെ വാര്‍ത്തെടുക്കാനാവില്ലെന്നും നല്ല സംസ്‌കാരം കൂടി അതിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പി ഡി പി സീനിയര്‍ വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അധ്യക്ഷത വഹിച്ചു.