മരുന്നടി വിവാദം വകവെക്കാതെ റഷ്യന്‍ പടയൊരുക്കം

ഗ്രൂപ്പ് എയില്‍ സഊദി അറേബ്യ, ഈജിപ്ത്, ഉറുഗ്വെ ടീമുകളാണ് റഷ്യയുടെ എതിരാളികള്‍. ജൂണ്‍ പതിനാലിന് സഊദിക്കെതിരെയാണ് ആദ്യ മത്സരം. 19ന് ഈജിപ്തിനെയും 25ന് ഉറുഗ്വെയെയും നേരിടും.
Posted on: May 12, 2018 6:02 am | Last updated: May 12, 2018 at 12:07 am
റഷ്യന്‍ ഡിഫന്‍ഡര്‍ റുസ്ലന്‍ കംബോലോവ്‌

ലോകകപ്പ് ആതിഥേയരായ റഷ്യ 28 അംഗ പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ അതിലൊരു വിവാദ താരം.
ഉത്തേജക മരുന്നുപയോഗിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിട്ട ഡിഫന്‍ഡര്‍ റുസ്ലന്‍ കംബോലോവ്. റഷ്യയുടെ ഒളിമ്പിക് കായിക താരങ്ങള്‍ വ്യാപകമായി മരുന്നടിക്ക് പിടിക്കപ്പെട്ടതിന്റെ നാണക്കേട് ഇനിയും കെട്ടടങ്ങിയിട്ടില്ല.

അപ്പോഴാണ്, ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്ന ടീം വിവാദ താരത്തെ പ്രാഥമിക സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി വീണ്ടും അശുഭവാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്.

വിദേശ മാധ്യമങ്ങള്‍ റുസ്ലന്റെ പൂര്‍വചരിത്രം അന്വേഷിക്കുകയാണ്. കിട്ടിയ അവസരത്തില്‍ റഷ്യയെ സമ്മര്‍ദത്തിലാക്കാമല്ലോ.
റുസ്ലന്റെ അഭിഭാഷകര്‍ ടീം സെലക്ഷനെ ന്യായീകരിച്ചു. വേണ്ടത്ര തെളിവുകളില്ലാത്തതിനാല്‍ കഴിഞ്ഞ മാസം ഈ കേസ് അവസാനിപ്പിച്ചതാണ്. റുസ്ലന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഫിഫയെ എല്ലാം അറിയിച്ചിട്ടുണ്ട്.

ഇരുപത്തെട്ട് വയസുള്ള റുബിന്‍ കസാന്‍ ഡിഫന്‍ഡര്‍ അന്വേഷണം നേരിട്ടപ്പോള്‍ റഷ്യയുടെ ഉപ പ്രധാന മന്ത്രി വിതാലി മുത്‌കോ പറഞ്ഞത് ലോകകപ്പില്‍ കളങ്കിതരുണ്ടാകില്ലെന്നാണ്. രാജ്യത്തിന് വലിയ ഉത്തരവാദിത്വമുണ്ട്. ഏറ്റവും മികച്ച ടൂര്‍ണമെന്റായി ഇത് മാറേണ്ടത് റഷ്യയുടെ അഭിമാന വിഷയമാണ്. അവിടെ തെറ്റ് ചെയ്തവര്‍ക്ക് ഇടമുണ്ടാകില്ല. റുസ്ലന്റെ ടീം സെലക്ഷനെ സര്‍ക്കാര്‍ ഇടപെട്ട് തടയാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇപ്പോള്‍ പ്രഖ്യാപിച്ചത് പ്രാഥമിക സ്‌ക്വാഡാണ്. 23 അംഗ അന്തിമ സ്‌ക്വാഡ് പ്രഖ്യാപിക്കുമ്പോള്‍ അഞ്ച് കളിക്കാര്‍ പുറത്താകും. ജൂണ്‍ നാലിനകം അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിക്കേണ്ടതുണ്ട്.

2015 ലാണ് റുസ്ലന്‍ റഷ്യക്കായി അരങ്ങേറിയത്. രണ്ടാമത്തെത് 2017ല്‍ ചിലിക്കെതിരെയുള്ള സൗഹൃദപ്പോരാട്ടം.
2014 മുതല്‍ റുബിന്‍ കസാന്‍ ക്ലബ്ബിന്റെ പ്രതിരോധത്തില്‍ നെടുംതൂണായി നില്‍ക്കുകയാണ് റുസ്ലന്‍. സെന്റര്‍ ബാക്കായും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും തിളങ്ങാന്‍ റുസ്ലന് സാധിക്കും.

ലോകകപ്പ് യോഗ്യത നേടിയ ടീമുകളുമായി 2016ന് ശേഷം റഷ്യ പതിമൂന്ന് മത്സരങ്ങള്‍ കളിച്ചതില്‍ ഒരു ജയം മാത്രം. ദക്ഷിണ കൊറിയക്കെതിരെ ആയിരുന്നു ആ ആശ്വാസ ജയം. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും റഷ്യക്ക് ജയമില്ല. കെട്ടുറപ്പുള്ള ലൈനപ്പ് ഇനിയും റഷ്യക്ക് കണ്ടെത്താനായിട്ടില്ല. വിവാദങ്ങളെ വക വെക്കാതെ റുസ്ലന് അവസരം നല്‍കുന്നത് ഈ പശ്ചാത്തലത്തിലാണ്.

പ്രാദേശിക ക്ലബ്ബുകളിലെ താരങ്ങളാണ് റഷ്യയുടെ കരുത്ത്. വിദേശ ലീഗുകളില്‍ കളിക്കുന്ന മൂന്ന് പേര്‍ മാത്രമാണ് റഷ്യന്‍ സ്‌ക്വാഡിലുള്ളത്. വിയ്യാറയലിന്റെ ഡെനിസ് ചെറിഷേവ്, ഫെനര്‍ബഷെയുടെ റോമന്‍ ന്യുസ്റ്റാഡെര്‍, ബ്രഗിയുടെ ഗോള്‍കീപ്പര്‍ വഌദ്മിര്‍ ഗബുലോവ് എന്നിവരാണ് വിദേശ ലീഗുകാര്‍.

സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിന്റെ സ്‌ട്രൈക്കര്‍ അലക്‌സാണ്ടര്‍ കൊകോറിന് പരുക്ക് കാരണം ടീമിലിടം നേടാനായില്ല.
ഗ്രൂപ്പ് എയില്‍ സഊദി അറേബ്യ, ഈജിപ്ത്, ഉറുഗ്വെ ടീമുകളാണ് റഷ്യയുടെ എതിരാളികള്‍. ജൂണ്‍ പതിനാലിന് സഊദിക്കെതിരെയാണ് ആദ്യ മത്സരം. 19ന് ഈജിപ്തിനെയും 25ന് ഉറുഗ്വെയെയും നേരിടും.

ഈ മാസം 30ന് ആസ്ത്രിയയുമായും ജൂണ്‍ അഞ്ചിന് തുര്‍ക്കിയുമായും സന്നാഹ മത്സരം കളിക്കും.
ഗോള്‍കീപ്പര്‍മാര്‍ : ഇഗോര്‍ അകിന്‍ഫീവ് (സി എസ് കെ എ മോസ്‌കോ), വ്‌ലാദ്മിര്‍ ഗബുലോവ് (ബ്രുഗെ), സോസ്ലാന്‍ സാനേവ് (റുബിന്‍ കസാന്‍), ആന്ദ്രെ ലുനേവ് (സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്).

ഡിഫന്‍ഡര്‍മാര്‍ : വഌദ്മിര്‍ ഗ്രാനറ്റ്, റുസ്ലന്‍ കംബലോവ്, ഫെഡോര്‍ കുദ്രിയാഷോവ് (റുബിന്‍ കസാന്‍ താരങ്ങള്‍), ഇയ കുടെപോവ് (സ്‌പോര്‍ടക് മോസ്‌കോ), റോമന്‍ ന്യുസ്റ്റാഡെര്‍ (ഫെനര്‍ബഷെ), കോണ്‍സ്റ്റാന്റിന്‍ റുഷ് (ഡിനാമോ മോസ്‌കോ), ആന്ദ്രെ സെമെനോവ് (അഹാമത് ഗ്രോസ്‌നി), ഇഗോര്‍ സ്‌മോനികോവ് (സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്), മരിയ ഫെര്‍നാണ്ടസ് (സി എസ് കെ എ മോസ്‌കോ).
മിഡ്ഫീല്‍ഡര്‍മാര്‍ : യുറി ഗാസിന്‍സ്‌കി (ക്രസ്‌നോദര്‍), അലക്‌സാണ്ടര്‍ ഗൊലോവിന്‍, അലന്‍ സഗോവ് (സി എസ് കെ എ മോസ്‌കോ), അലക്‌സാണ്ടര്‍ ഇറോഹിന്‍, യൂറി സിര്‍കോവ്, ഡാലെര്‍ കുസിയേവ് (സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് താരങ്ങള്‍), റോമന്‍ സോബ്‌നിന്‍, അലക്‌സാണ്ടര്‍ സമെദോവ് (സ്‌പോര്‍ടസ് മോസ്‌കോ താരങ്ങള്‍), ആന്റന്‍ മിരാന്‍ചുക് (ലോകോമോട്ടീവ് മോസ്‌കോ), അലക്‌സാണ്ടര്‍ ടാഷേവ് (ഡിനാമോ മോസ്‌കോ), ഡെനിസ് ചെറിഷേവ് (വിയ്യാറയല്‍).

സ്‌ട്രൈക്കര്‍മാര്‍ : ആര്‍ടെം സ്യുബ (ആര്‍സെനല്‍ ടുല), അലക്‌സി മിറാന്‍ചുക് (ലോകോമോട്ടീവ് മോസ്‌കോ), ഫെഡോര്‍ സ്‌മോളോവ് (ക്രസ്‌നോദര്‍), ഫെഡോര്‍ ചലോവ് (സിഎസ്‌കെഎ മോസ്‌കോ).