Connect with us

Gulf

90 ശതമാനം വരെ വിലക്കുറവൊരുക്കി ദുബൈയില്‍ വീണ്ടും സൂപ്പര്‍ സെയില്‍

Published

|

Last Updated

ദുബൈ: വ്യാപാര കേന്ദ്രങ്ങളില്‍ മികച്ച വിലക്കുറവൊരുക്കി സൂപ്പര്‍ സെയില്‍ ആരംഭിച്ചു. എമിറേറ്റിലെ വിവിധ വ്യാപാര കേന്ദ്രങ്ങളില്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. നാളെ വരെ നീണ്ടു നില്‍ക്കുന്ന വ്യാപാര മേളയില്‍ ലോകോത്തരമായ 300 ഉത്പന്നങ്ങള്‍ സൂപ്പര്‍ സെയിലിന്റെ ഭാഗമാകുന്നുണ്ട്. എമിറേറ്റിലെ ആയിരത്തിലധികം ഔട്ട് ലറ്റുകളില്‍ എച് ആന്‍ഡ് എം, റിവ, ഡീസല്‍, ജന്റ്, ക്ലാര്‍ക്സ്, ഫോര്‍എവര്‍ 21, ഐകോണിക്, മണ്‍സൂണ്‍, മംഗോ, എയ്‌റോപോസ്റ്റല്‍, ആല്‍ഡോ, മാര്‍ക്‌സ് ആന്‍ഡ് സ്പെന്‍സര്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ 90 ശതമാനം വരെയാണ് സൂപ്പര്‍ സെയിലിന്റെ ഭാഗമായി വിലക്കുറവില്‍ വാങ്ങാന്‍ കഴിയുക. സൂപ്പര്‍ സെയിലിന്റെ ഭാഗമായി ദുബൈ മാളിലെ ഔട്ട് ലെറ്റുകള്‍ വെളുപ്പിന് ഒരു മണി വരെ പ്രവര്‍ത്തിക്കും. ഭക്ഷണ പാനീയങ്ങളുടെ ഔട്‌ലെറ്റുകള്‍ വെളുപ്പിന് രണ്ട് വരെ പ്രവര്‍ത്തിക്കും. ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാളില്‍ 1000 ദിര്‍ഹം ചിലവഴിക്കുന്ന ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് നാല് മൂവി ടിക്കറ്റുകള്‍ സമ്മാനമായി നല്‍കും. ഔട്ട് ലെറ്റ് വില്ലേജില്‍ മാജിക് ഷോ അടക്കം വിവിധ വിനോദ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

മാള്‍ ഓഫ് എമിറേറ്റിലെ കാരിഫോര്‍ വിവിധ ഉത്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ദേര സിറ്റി സെന്റര്‍, മിര്‍ദിഫ് സിറ്റി സെന്റര്‍, മെഅസിം സിറ്റി സെന്ററര്‍, അല്‍ ഷിന്ദഗ സിറ്റി സെന്റര്‍, അല്‍ ബര്‍ഷ മൈ സിറ്റി സെന്റര്‍ എന്നിവിടങ്ങളിലെ കാരിഫോറുകളും 90 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. മാള്‍ ഓഫ് എമിറേറ്റില്‍ 600 ദിര്‍ഹവും മിര്‍ദിഫ് സിറ്റി സെന്ററില്‍ 500 ദിര്‍ഹവും ചെലവഴിച്ചാല്‍ ഒരു ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം ലഭിക്കാന്‍ അവസരമുണ്ട്. 500 മുതല്‍ 1500 ദിര്‍ഹം വരെ ദേര സിറ്റി സെന്ററില്‍ ചെലവാക്കുന്നവര്‍ക്ക് 100 ദിര്‍ഹം വിലമതിക്കുന്ന മാള്‍ ഗിഫ്റ്റ് കാര്‍ഡ് ലഭിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. 1500 ദിര്‍ഹത്തിന് മുകളില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ദേര സിറ്റി സെന്ററില്‍ നിന്ന് 300 ദിര്‍ഹം വിലമതിക്കുന്ന മാള്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ കരസ്ഥമാക്കുന്നതിന് അവസരമുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

മൂന്ന് നാള്‍ നീണ്ടു നില്‍ക്കുന്ന വ്യാപാര മേള ദുബൈ എമിറേറ്റിലെ ചില്ലറ വ്യാപാര രംഗത്തെ വാര്‍ഷിക പരിപാടികളുടെ ഭാഗമായാണ്. വിവിധ ഉത്സവ നാളുകള്‍, പ്രധാന ദിനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് സൂപ്പര്‍ സെയില്‍ സംഘടിപ്പിക്കുന്നത്. മികച്ച വ്യാപാര അനുഭവങ്ങള്‍ ഒരുക്കി ചില്ലറ വ്യാപാര മേഖലയുടെ ശാക്തീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സൂപ്പര്‍ സെയിലിന്റെ ഉപജ്ഞാതാക്കളായ ദുബൈ ഫെസ്റ്റിവല്‍സ് ആംഡ് റീടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് സി ഇ ഒ അഹ്മദ് അല്‍ ഖാജ പറഞ്ഞു.