ഫസല്‍ വധം : അന്വേഷണം അവസാനിപ്പിക്കാന്‍ കോടിയേരി ആവശ്യപ്പെട്ടെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

Posted on: May 11, 2018 12:59 pm | Last updated: May 11, 2018 at 6:18 pm
SHARE

കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ സിപിഎമ്മിനെ വെട്ടിലാക്കിക്കൊണ്ട് കേസ് അന്വേഷിച്ച ആദ്യ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. കേസ് സിപിഎമ്മിലേക്ക് നീണ്ടപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലക്യഷ്ണന്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നേരിട്ട് ആവശ്യപ്പെട്ടുവെന്ന നിര്‍ണായക വെളിപ്പെടുത്തലാണ് മുന്‍ ഡിവൈഎസ്പി . കെ രാധാക്യഷ്ണന്‍ നടത്തിയിരിക്കുന്നത്. ഇതിന് ശേഷമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്വേഷണത്തിന്റെ പേരില്‍ പോലീസിന്റെ ഒത്താശയോടെ തന്നെ വധിക്കാനും ശ്രമിച്ചുവെന്നും പരുക്കേറ്റ താന്‍ ഒന്നര വര്‍ഷത്തോളം ചികിത്സയിലായിരുന്നുവെന്നും ഒരു സ്വകാര്യ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ രാധാക്യഷ്ണന്‍ പറഞ്ഞു.

എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ കൊലപ്പെടുത്തിയ കേസ് ആദ്യം അന്വേഷിച്ച പോലീസ് സംഘത്തിന്റെ മേല്‍നോട്ട ചുമതല രാധാക്യഷണനായിരുന്നു. തന്നെ കള്ളക്കേസില്‍പ്പെടുത്തിയാണ് സസ്‌പെന്റ് ചെയ്തത്. തനിക്ക് ഐപിഎസ് ലഭിച്ചെങ്കിലും ഒന്നര വര്‍ഷമായി നിയമനവുംശമ്പളവും തരുന്നില്ല. കാരായി ചന്ദ്രശേഖരനിലേക്കടക്കം അന്വേഷണം നീണ്ടപ്പോഴാണ് കോടിയേരി കണ്ണൂരിലെത്തി അന്വേഷണം അവസാനിപ്പിക്കാന്‍ തന്നോട് ആവശ്യപ്പെട്ടത്.

കേസില്‍ നിര്‍ണായക വിവരം നല്‍കിയ അഡ്വ.വത്സരാജ കുറുപ്പ്,പഞ്ചാര ശിനില്‍ എന്നിവരുടെ മരണത്തില്‍ ദുരൂഹതയുണ്ട്. ഇതില്‍ ഒരാളുടെ മരണം ബ്ലേഡ് മാഫിയയില്‍ കെട്ടിവെക്കുകയായിരുന്നുവെന്നും രാധാക്യഷ്ണന്‍ പറഞ്ഞു. 2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെ തലശ്ശേരി ജെ ടി റോഡില്‍വെച്ചാണ് ഫസല്‍ കൊല്ലപ്പെടുന്നത്. കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത് സിബിഐയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here