Connect with us

Kerala

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ കൈത്തറി യൂനിഫോം നിര്‍മാണം പൂര്‍ത്തിയായി

Published

|

Last Updated

കൂത്തുപറമ്പ്: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ കൈത്തറി യൂനിഫോമിന്റെ നിര്‍മാണം പൂര്‍ത്തിയായി. 24 ലക്ഷം മീറ്റര്‍ കൈത്തറി യൂനിഫോമാണ് തയ്യാറാക്കിവെച്ചിട്ടുള്ളത്. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള യൂനിഫോമിന്റെ വിതരണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നാലര ലക്ഷത്തോളം വരുന്ന സ്‌കൂള്‍ കുട്ടികള്‍ക്കാണ് ഇക്കുറി സൗജന്യമായി കൈത്തറി യൂനിഫോം വിതരണം ചെയ്യുന്നത്. മീറ്ററിന് 250 രൂപയോളം വിലവരുന്ന രണ്ട് ജോഡി യൂനിഫോമിനാവശ്യമായ തുണികളാണ് സൗജന്യമായി നല്‍കുന്നത്.

സംസ്ഥാനത്തെ 3700 ഓളം വരുന്ന സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്ന്മുതല്‍ ഏഴ് വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്കാണ് സൗജന്യ യൂനിഫോം പദ്ധതി നടപ്പാക്കുന്നത്. 40 കോടിയോളം രൂപയാണ് ബൃഹത് പദ്ധതിക്ക് സര്‍ക്കാര്‍ ചെലവ് കണക്കാക്കിയിട്ടുള്ളത്. കേരളത്തിലെ 500ഓളം വരുന്ന നെയ്ത്ത് സഹകരണ സംഘങ്ങള്‍ മുഖേനയാണ് യൂനിഫോമിനാവശ്യമായ തുണികള്‍ ഉത്പാദിപ്പിക്കുന്നത്. ഇവ ഹാന്‍വീവ്, ഹാന്‍ടെക്‌സ് എന്നിവ മുഖേന ശേഖരിച്ചശേഷം തമിഴ്‌നാട്ടില്‍ എത്തിച്ചാണ് വ്യത്യസ്തമായ കളറുകളാക്കി മാറ്റുന്നത്. ഈ വര്‍ഷത്തേക്കാവശ്യമായ യൂനിഫോമിന്റെ ഉത്പാദനം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു ജോലിയില്ലാതെ കഷ്ടപ്പെടുകയായിരുന്ന കൈത്തറി തൊഴിലാളികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ഏറെ ലഭിക്കുന്നത്. 5000ത്തോളം വരുന്ന കൈത്തറി നെയ്ത്ത് തൊഴിലാളികള്‍ക്ക് വര്‍ഷം മുഴുവന്‍ ജോലി നല്‍കാന്‍ പദ്ധതി കൊണ്ട് സാധിക്കുന്നുണ്ട്.

ഉത്പാദനം മുതല്‍ വിതരണം വരെയുള്ള ഓരോ ഘട്ടങ്ങളിലും സുതാര്യത ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ എയിഡഡ് സ്‌കൂളുകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തകര്‍ച്ച നേരിട്ടു കൊണ്ടിരുന്ന കൈത്തറി മേഖലക്ക് താങ്ങായി മാറിയിരിക്കയാണ് സര്‍ക്കാറിന്റെ സൗജന്യ സ്‌കൂള്‍ യൂനിഫോം പദ്ധതി.