Kerala
വരാപ്പുഴ കസ്റ്റഡി മരണം: കൈക്കൂലി ആരോപണമുയര്‍ന്ന പോലീസുകാരനു സസ്‌പെന്‍ഷന്‍

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന് ആരോപണമുയര്‍ന്ന പോലീസുകാരനു സസ്‌പെന്‍ഷന്‍. സിഐയുടെ െ്രെഡവര്‍ പ്രദീപിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സി ഐക്ക് വേണ്ടിയെന്ന പേരില്‍ പ്രദീപ് ഇരുപത്തയ്യായിരം രൂപ വീട്ടുകാരോട് ആവശ്യപ്പെടുകയും പതിനയ്യായിരം രൂപ കൈപ്പറ്റുകയും ചെയ്തതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിതോടെയാണ് സസ്‌പെന്‍ഷന്‍.
ശ്രീജിത്തിനെ മോചിപ്പിക്കാമെന്നു പറഞ്ഞാണു പണം വാങ്ങിയത്. ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടശേഷം ഈ പണം ഇടനിലക്കാര്‍ വഴി പോലീസ് തിരികെ നല്‍കിയെന്നും ആരോപിക്കുന്നു.
നേരത്തെ കേസില്‍ നാല് പോലീസുകാരെ കൂടി പ്രതിചേര്‍ത്തിരുന്നു. വരാപ്പുഴ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജയാനന്ദന്‍, സിപിഒമാരായ സുനില്‍ ബേബി, സുനില്‍കുമാര്‍, ശ്രീരാജ് എന്നിവരെയാണ് പുതുതായി പ്രതിചേര്‍ത്തത്.
ശ്രീജിത്തിനെ അന്യായമായി തടങ്കലില്‍ വെച്ച് മര്‍ദിക്കുന്നതിന് കൂട്ടുനിന്നു എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. ക്രൂരമായ മര്‍ദനം തടയാന്‍ ശ്രമിച്ചില്ല, മര്‍ദനത്തെ കുറിച്ച് മേല്‍ ഉദ്യോഗസ്ഥരെ അറിയിച്ചില്ല എന്നിവയും ഇവര്‍ക്കെതിരായ കുറ്റങ്ങളാണ്. ഇവരെ പ്രതികളാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് അന്വേഷണ സംഘം പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.
നേരത്തെ, പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, വാരാപ്പുഴ എസ്‌ഐ ദീപക്ക് എന്നിവരേയും ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളായിരുന്ന സുമേഷ്, ജിതിന്‍, സന്തോഷ് എന്നിവരേയും അറസ്റ്റ് ചെയ്തിരുന്നു. അവധിയിലായിരുന്ന എസ്‌ഐ ദീപക് സ്‌റ്റേഷനിലെത്തിയാണ് ശ്രീജിത്തിനെ ക്രൂരമായി മര്‍ദിച്ചതെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. എസ്‌ഐ അവധിയിലായിരുന്നതിനാല്‍ ജയനന്ദനായിരുന്നു സ്‌റ്റേഷന്റെ ചുമതല.