പിഡബ്യുഡി അഴിമതിക്കേസ്; കെജ്‌രിവാളിന്റെ ബന്ധു അറസ്റ്റില്‍

Posted on: May 10, 2018 3:20 pm | Last updated: May 10, 2018 at 8:47 pm

ന്യൂഡല്‍ഹി: പിഡബ്യുഡി അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ബന്ധു അറസ്റ്റില്‍. കെജ്‌രിവാളിന്റെ ഭാര്യാ സഹോദരന്റെ മകന്‍ വിനയ് ബന്‍സാലിനെയാണ് അറസ്റ്റ് ചെയ്തത്. പൊതുമരാമത്ത് റോഡ്, അഴുക്കുചാല്‍ നിര്‍മാണത്തില്‍ ക്രമേക്കേടു വരുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. റോഡ് ആന്‍ഡ് ആന്റി കറപ്ഷന്‍ മേധാവി രാഹുല്‍ ശര്‍മയാണ് പരാതി നല്‍കിയത്.

റോഡ്, അഴുക്കുചാല്‍ എന്നിവ നിര്‍മിക്കുന്നതിന് ബന്‍സാലിന്റെ നിര്‍മാണ കമ്പനിക്ക് ചട്ടങ്ങള്‍ ലംഘിച്ച് ടെന്‍ഡര്‍ നല്‍കിയതിന് 2017 മേയില്‍ ആന്റി കറപ്ഷന്‍ ബ്യൂറോ കെജ്‌രിവാളിനും മറ്റുള്ളവര്‍ക്കുമെതിരേ കേസെടുത്തിരുന്നു.

ബിജെപിയുടെ രാഷ്ട്രീയ വൈരമാണ് അറസ്റ്റിന് പിന്നിലെന്നായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ പ്രതികരണം. പാര്‍ട്ടിയെ കടന്നാക്രമിക്കുന്നതില്‍ പരാജയപ്പെട്ടതോടെ കെജ്‌രിവാളിനേയും കുടുംബത്തേയും ആക്രമിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും ആംആദ്മി പ്രതികരിച്ചു. അതേസമയം, തൃപ്തികരമായ മറുപടി നല്‍കാന്‍ ബന്‍സാലിന് കഴിയാതിരുന്നതാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.