മുംബൈക്ക് 102 റണ്‍സ് ജയം

Posted on: May 10, 2018 8:58 am | Last updated: May 10, 2018 at 8:58 am
മുംബൈ നായകന്‍ രോഹിത് എതിര്‍ ടീമംഗത്തിന് ഹസ്തദാനം ചെയ്യുന്നു

മുംബൈ: ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഗംഭീര തിരിച്ചുവരവ്. തുടരെ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയെ 102 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ടേബിളില്‍ നാലാം സ്ഥാനത്തേക്ക് കയറി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആറ് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 210 റണ്‍സടിച്ചപ്പോള്‍ തന്നെ ഫലം വ്യക്തമായി.

മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 18.1 ഓവറില്‍ 108 റണ്‍സിന് ആള്‍ ഔട്ടായി. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വന്‍മാര്‍ജിനില്‍ ജയം അനിവാര്യമായിരുന്ന മുംബൈ തുടക്കം മുതല്‍ക്ക് ആക്രമിച്ചു കളിച്ചു. ടോപ് ഓര്‍ഡറും മധ്യനിരയും പന്തുകള്‍ പാഴാക്കാതെ റണ്‍സടിച്ചു. ഓപണര്‍ യാദവ് 32 പന്തുകളില്‍ 36 റണ്‍സടിച്ചപ്പോള്‍ ലൂയിസ് പതിമൂന്ന് പന്തില്‍ പതിനെട്ട് റണ്‍സ് നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 31 പന്തുകളില്‍ 36.
എന്നാല്‍, വിക്കറ്റ് കീപ്പര്‍ ഇഷന്‍ കിഷനാണ് ആളിക്കത്തിയത്. 21 പന്തുകളില്‍ 62. അഞ്ച് ഫോറും ആറ് സിക്‌സറും. ഹര്‍ദിക് പാണ്ഡ്യ പതിമൂന്ന് പന്തില്‍ പത്തൊമ്പത് റണ്‍സെടുത്തപ്പോള്‍ കട്ടിംഗ് ഒമ്പത് പന്തില്‍ 24 റണ്‍സടിച്ചു. മൂന്ന് സിക്‌സറുകളാണ് കട്ടിംഗ് പറത്തിയത്. ക്രുനാല്‍ പാണ്ഡ്യ രണ്ട് പന്തില്‍ എട്ട് റണ്‍സുമായി പുറത്താകാതെ നിന്നു.