പെനാല്‍റ്റിയെടുക്കാന്‍ ഇംഗ്ലണ്ടിന് ട്യൂഷന്‍ !

Posted on: May 10, 2018 6:14 am | Last updated: May 10, 2018 at 12:49 am

പെനാല്‍റ്റി ഷൂട്ടൗട്ട് എന്ന് കേട്ടാല്‍ ഇംഗ്ലണ്ടിന്റെ മുട്ട് വിറക്കും. അത് ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റിലാണെങ്കില്‍ പറയുകയും വേണ്ട. ചൂടുവെള്ളത്തില്‍ വീണ പൂച്ചയുടെ സ്ഥിതിയാണ് ലോകകപ്പിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിന്റെത്. ആദ്യ കിക്കെടുക്കാന്‍ വരുമ്പോഴേ ഇംഗ്ലീഷ് താരങ്ങളുടെ മുഖത്ത് ആത്മവിശ്വാസക്കുറവ് ചുവന്ന് തുടിച്ച് നില്‍ക്കുന്നത് കാണാം. 1990, 1998, 2006 ലോകകപ്പുകളില്‍ ഇംഗ്ലണ്ട് പുറത്തേക്കുള്ള വഴി കണ്ടത് ഷൂട്ടൗട്ട് ദുരന്തം ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു.

ഇത്തവണ റഷ്യയില്‍ ഷൂട്ടൗട്ട് നേരിടേണ്ടി വന്നാല്‍ പാളാതിരിക്കാന്‍ ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്‌ഗേറ്റ് തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. സീനിയര്‍ ടീമിന്റെ ഷൂട്ടൗട്ട് പനി ജൂനിയര്‍ ടീമുകള്‍ക്ക് ബാധിക്കാതിരിക്കാന്‍ കാര്യമായ ചികിത്സ നല്‍കിയതിന്റെ ഫലമാണ് ഇംഗ്ലണ്ട് അണ്ടര്‍ 17 ലോകകപ്പില്‍ ജേതാക്കളായത്. സ്‌പോട് കിക്ക് തന്ത്രങ്ങള്‍ പ്രത്യേകം പഠിച്ചാണ് യുവതാരങ്ങള്‍ കിക്കെടുത്തത്. ആ വഴിക്കാണ് സൗത്‌ഗേറ്റ് സീനിയര്‍ കളിക്കാരെയും തെളിക്കുന്നത്.

എന്തുകൊണ്ടാണ് ഇംഗ്ലണ്ട് ലോകകപ്പ് ജയിക്കാത്തത് എന്നതിന് എഫ് എയുടെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ഡാന്‍ ആഷ്വര്‍ത് പറയുന്നത് ഇങ്ങനെ : പെനാല്‍റ്റി സ്‌പോട്ടില്‍ പോയി നില്‍ക്കാനുള്ള ധൈര്യം ഇംഗ്ലീഷ് കളിക്കാര്‍ക്കില്ല. ആ പരീക്ഷണം ജയിച്ചാല്‍ ഇംഗ്ലണ്ടിന് കിരീട വിജയങ്ങളുണ്ടാകും.
ഡാനിന്റെ മാത്രം അഭിപ്രായമല്ല ഇത്. ഇംഗ്ലണ്ടിലെ മറ്റ് പരിശീലകര്‍ക്കും മുന്‍ താരങ്ങള്‍ക്കും എല്ലാം ഉണ്ട്. എന്നാല്‍, എഫ് എ ഹെഡ് കോച്ചും താരങ്ങളുടെ പുരോഗതി വിലയിരുത്ത വ്യക്തിയുമായ മാറ്റ് ക്രോക്കര്‍ പറയുന്നത് കഠിനമായി പ്രയത്‌നിച്ചാല്‍ ആറ് ആംഗിളുകളില്‍ കിക്കെടുക്കുന്നത് ശീലിച്ചാല്‍ പ്രശ്‌നം പരിഹരിക്കാം എന്നാണ്. അണ്ടര്‍ 17 ഇംഗ്ലീഷ് ടീം പെനാല്‍റ്റി ടെക്‌നിക്കുകള്‍ അഞ്ച് മാസം പരിശീലിച്ചിരുന്നു.

യൂറോ അണ്ടര്‍ 17 ഫൈനലില്‍ ഒരു വര്‍ഷം മുമ്പ് സ്‌പെയ്‌നിനോട് തോറ്റതിന് ശേഷമായിരുന്നു ബോധോദയം. പിഴവുകള്‍ പരിഹരിച്ചു. പുതിയ അടവുകള്‍ പഠിച്ചു. ഫലം കിട്ടി. അണ്ടര്‍ 17 ലോകകപ്പില്‍ ജപ്പാനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച ഇംഗ്ലണ്ട് ഫൈനലില്‍ സ്‌പെയ്‌നിനെ തോല്‍പ്പിച്ച് ചാമ്പ്യന്‍മാരായി.പെനാല്‍റ്റി പരിശീലിക്കുന്നതില്‍ സ്ഥിരോത്സാഹം കാണിക്കുന്ന താരങ്ങളെ കണ്ടെത്തലാണ് പ്രധാനം. മനസിന്റെ കരുത്ത് പ്രധാനമാണ്.
അധിക സമയത്ത് കളിച്ചതിന് ശേഷം പെനാല്‍റ്റി ഷൂട്ടൗട്ട് വെല്ലുവിളി നേരിടാനുള്ള പ്രാപ്തി പരീക്ഷിച്ചറിയണം. മത്സരത്തിന് മുമ്പെ പെനാല്‍റ്റി കിക്കെടുക്കുന്നവരെ തീരുമാനിച്ചിരിക്കണം. പെനാല്‍റ്റി സ്‌പോട്ടിലേക്കുള്ള നടത്തം പോലും പ്രധാനമാണ്. ഇതിലെല്ലാം ശാസ്ത്രീയമായ വിശകലനവും പരിശോധനകളുമെല്ലാം നടത്തിയാണ് ഇംഗ്ലണ്ട് റഷ്യയിലെത്തുക.