തീവ്രവാദികളുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ജമ്മു കശ്മീര്‍

  • അടുത്തയാഴ്ച മോദി കശ്മീര്‍ സന്ദര്‍ശിക്കും
  • സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും
Posted on: May 10, 2018 6:11 am | Last updated: May 10, 2018 at 12:28 am

ശ്രീനഗര്‍: റമസാന്‍, അമര്‍നാഥ് യാത്ര തുടങ്ങിയവ മുന്നില്‍ക്കണ്ട് തീവ്രവാദികളുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ശിപാര്‍ശ ചെയ്ത് ജമ്മു കശ്മീരിലെ സര്‍വകക്ഷിയോഗം. മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. അതേസമയം, അടുത്തയാഴ്ച പ്രധാനമന്ത്രി കശ്മീര്‍ സന്ദര്‍ശിക്കും.

കശ്മീരില്‍ കല്ലേറില്‍ ആദ്യമായി വിനോദസഞ്ചാരി മരിച്ചതും താഴ്‌വരയിലുണ്ടായ അക്രമസംഭവങ്ങളും കണക്കിലെടുത്താണ് മുഫ്തിയുടെ അഭ്യര്‍ഥന പ്രകാരം രാഷ്ട്രീയ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. യോഗത്തില്‍ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. പ്രത്യേകിച്ച്, തെരുവ് പ്രതിഷേധങ്ങളിലും അക്രമങ്ങളിലും കുട്ടികളുടെ പങ്കാളിത്തത്തില്‍ അതീവ ആശങ്ക അവര്‍ പങ്കുവെച്ചു. തങ്ങള്‍ ഏറ്റുമുട്ടലിന് പോകുന്നുവെന്ന് വീട്ടില്‍ പറഞ്ഞാണ് കുട്ടികള്‍ ഇറങ്ങുന്നത്. ഈയൊരു അവസ്ഥ എങ്ങനെ രൂപപ്പെട്ടു. പുതുതലമുറയുടെ ജീവിതം മെച്ചപ്പെടുത്താന്‍ സര്‍ക്കാറെന്ന നിലക്ക് വഴികള്‍ കണ്ടെത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

തിങ്കളാഴ്ച, തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരിയാണ് കല്ലേറില്‍ പരുക്കേറ്റ് മരിച്ചത്. സുരക്ഷാസേനയുമായുള്ള സംഘര്‍ഷത്തില്‍ ആറ് സാധാരണക്കാര്‍ മരിച്ചതിനെ തുടര്‍ന്നാണ് വ്യാപക പ്രതിഷേധമുണ്ടായത്. കശ്മീര്‍ യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസറക്കമുള്ള തീവ്രവാദികളെ സേന ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കശ്മീര്‍ താഴ്‌വരയിലെ സ്ഥിതിഗതികളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആശങ്കയിലാണ്. ഈ വര്‍ഷം മാത്രം കശ്മീരില്‍ നിന്ന് 45 യുവാക്കളാണ് തീവ്രവാദ സംഘങ്ങളില്‍ ചേര്‍ന്നത്. 2000ലെ റമസാന്‍ വേളയില്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയി തീവ്രവാദികളുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.