Connect with us

Kerala

അപ്രഖ്യാപിത ഹര്‍ത്താലിന്റെ രണ്ട് സൂത്രധാരന്മാര്‍ക്ക് ജാമ്യം

Published

|

Last Updated

മഞ്ചേരി: ജമ്മു കശ്മീരില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊന്നതില്‍ പ്രതിഷേധിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം നടത്തിയെന്ന കേസില്‍ രണ്ട് പേര്‍ക്ക് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കൊല്ലം പുനലൂര്‍ ഉറുകുത്ത് അമൃതാലയത്തില്‍ ബൈജുവിന്റെ മകന്‍ അമര്‍നാഥ് ബൈജു (19), നെയ്യാറ്റിന്‍കര പഴുതാക്കല്‍ ഇലങ്ങം റോഡ് രാജശേഖരന്‍ നായരുടെ മകന്‍ ഗോകുല്‍ ശേഖര്‍ (21) എന്നിവര്‍ക്കാണ് ജഡ്ജി കെ പി സുധീര്‍ ജാമ്യം അനുവദിച്ചത്.

എല്ലാ ശനി, തിങ്കള്‍ ദിവസങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നതുമടക്കമുള്ള ഉപാധികള്‍ വെച്ച കോടതി, രണ്ടാള്‍ വീതമുള്ള ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്. മഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു കേസിലാണ് ജാമ്യം. രണ്ട് പേര്‍ക്കും 16 കേസുകള്‍ കൂടിയുള്ളതിനാല്‍ ജയില്‍ മോചനം സാധ്യമല്ല.
മറ്റൊരു പ്രതിയായ കുന്നപ്പുഴ നിറക്കകം സിറില്‍ നിവാസില്‍ മോഹന്‍ദാസിന്റെ മകന്‍ സിറിലി (20)ന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മറ്റു പ്രതികളും തിരുവനന്തപരം സ്വദേശികളുമായ നെല്ലിവിള വെണ്ണിയൂര്‍ കുന്നുവിള അശോകന്റെ മകന്‍ അഖില്‍ (23), വിഴിഞ്ഞം വെണ്ണിയൂര്‍ നെല്ലിവിള മാമ്പ്രത്തല മേലേപുരക്കല്‍ സഹദേവന്റെ മകന്‍ സുധീഷ് (22) എന്നിവര്‍ ഇതുവരെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല.

പ്രതികള്‍ക്കെതിരെ പാണ്ടിക്കാട്, കാളികാവ്, കൊളത്തൂര്‍, വഴിക്കടവ്, മങ്കട, കൊല്ലം സി ബി സി ഐ ഡി സ്റ്റേഷനുകളില്‍ ഒന്നു വീതവും മഞ്ചേരി, വണ്ടൂര്‍ സ്റ്റേഷനുകളില്‍ രണ്ട് വീതവും തിരൂരില്‍ ആറും കേസുകളുണ്ട്.
പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 143, 147, 283, 353, 149, 220, 120 ബി, 228 എ, 170, 23 പോക്‌സോ ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരം ബോധപൂര്‍വമുള്ള കലാപശ്രമം, പോക്സോ, പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, മാര്‍ഗ തടസ്സമുണ്ടാക്കല്‍ തുടങ്ങിയ കേസുകളാണെടുത്തത്.

Latest