Connect with us

Editorial

വീണ്ടും കൊലക്കത്തി രാഷ്ട്രീയം

Published

|

Last Updated

മാസങ്ങളുടെ ഇടവേളക്ക് ശേഷം കണ്ണൂരില്‍ ബി ജെ പി, സി പി എം സംഘര്‍ഷം തിരിച്ചു വരികയാണ്. തിങ്കളാഴ്ച രാത്രി മാഹിയിലെ പള്ളൂരില്‍ സി പി എം ലോക്കല്‍ കമ്മിറ്റി നേതാവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലും ആര്‍ എസ് എസ് നേതാവ് ഷമേജും കൊല്ലപ്പെട്ടത് മിനുട്ടുകളുടെ വ്യത്യാസത്തിനാണ്. രാത്രി ഒമ്പതേ കാലോടെ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബാബുവിനെ പിന്തുടര്‍ന്ന് ബി ജെ പി പ്രവര്‍ത്തകര്‍ കോറോത്ത് ക്ഷേത്രത്തിനടുത്ത് വെച്ചു അദ്ദേഹത്തെ ആക്രമിക്കുകയും വെട്ടിക്കൊല്ലുകയും ചെയ്തത്. ഉടനെ തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബാബുവിനെ രക്ഷിക്കാനായില്ല. ഇത് കഴിഞ്ഞു ഒരു മണിക്കൂറിനകമാണ് മാഹി പാലത്തിന് അടുത്ത് വെച്ചു ഓട്ടോ ഡ്രൈവറായ ഷമേജിന് വെട്ടേല്‍ക്കുന്നത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അടുത്തടുത്ത പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് ഇരുവരും. ഒറ്റപ്പെട്ട അക്രമങ്ങള്‍ പതിവാണെങ്കിലും പകരത്തിന് പകരം മിനുട്ടുകള്‍ക്കകം നടപ്പാക്കുന്ന പ്രവണത ഭീതിതമായ കണ്ണൂര്‍ മോഡല്‍ തിരിച്ചു വരുന്നതിന്റെ സൂചനയാണോ എന്ന ആശങ്കയിലാണ് ജില്ലയിലെ ജനങ്ങള്‍.

ബി ജെ പി പ്രവര്‍ത്തകരും പള്ളൂര്‍ ഇരട്ടപ്പിലാക്കൂല്‍ സ്വദേശികളുമായ മടോര്‍കണ്ടി വിജിത്ത് (28), കുരുന്തോട്ടത്ത് ഷിനോജ്(31) എന്നിവരുടെ കൊലക്ക് പ്രതികാരമായാണ് ബാബുവിനെ വെട്ടിക്കൊന്നതെന്നാണ് പോലീസ് നിഗമനം. 2010 മെയ് 28ന് ഒരു രാഷ്ട്രീയ കേസില്‍ മാഹി കോടതിയില്‍ ഹാജരായി ബൈക്കില്‍ തിരിച്ച് വരുന്നതിനിടെയാണ് ന്യൂമാഹി കല്ലായി അങ്ങാടിയില്‍ വെച്ച് വിജിത്തിനെയും ഷിനോജിനെയും വധിച്ചത്. ഈ കൊലപാതകത്തിന്റെ ആസൂത്രകന്‍ ബാബു കണ്ണിപ്പൊയിലാണെന്നാണ് ബി ജെ പിക്കാരുടെ ആരോപണം. പ്രദേശ വാസികളായ പത്തംഗ സംഘമാണ് ബാബുവനെ വധിച്ചതെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ഷിമോജിനെ കൊന്നത് എട്ടംഗ സംഘവും. രണ്ട് കേസിലെയും പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് റിപ്പോര്‍ട്ട്..

കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് അരനൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. ഇവിടെ രാഷ്ട്രീയ എതിരാളികളുടെ ആയുധത്തിനിരയായി ജീവനറ്റത് ഇരുനൂറ്റി മുപ്പതോളം രാഷ്ട്രീയ പ്രവര്‍ത്തകരാണ്. ഏറ്റുമുട്ടലുകളുടെ എണ്ണത്തിലും നഷ്ടക്കണക്കുകളിലും മുമ്പില്‍ ബി ജെ പിയും സി പി എമ്മുമാണെങ്കിലും കോണ്‍ഗ്രസുകാരും മുസ്‌ലിം ലീഗുകാരുമെല്ലാം പട്ടികയിലുണ്ട്. ജില്ലയില്‍ ഭീതിയുടെ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പങ്കുണ്ട്. ചോരക്ക് ചോര എന്ന തീരാവാശിക്ക് പുറമെ തങ്ങളുടെ പ്രവര്‍ത്തകരില്‍ വളര്‍ന്നുവരുന്ന അസംതൃപ്തിയും കൊഴിഞ്ഞുപോക്കും കാരണം മറ്റു പാര്‍ട്ടികളില്‍ ചേരുന്നത് തടയിടാനും ഭയപ്പാടിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട് കൊലപാതകങ്ങള്‍ക്കെന്ന് പോലീസ് പറയുന്നു. പാര്‍ട്ടിഗ്രാമങ്ങളിലെ സുരക്ഷിതത്വം പറഞ്ഞ് അണികളെ ഭയപ്പെടുത്തി കൂടെ നിര്‍ത്തുകയാണ് നേതാക്കള്‍. പലപ്പോഴും നേതൃത്വത്തിന്റെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നത്. അക്രമങ്ങളില്‍ ജീവഹാനി സംഭവിക്കുന്നവരും പരുക്കേല്‍ക്കുന്നവരും ഏറെയും സാധാരണ പ്രവര്‍ത്തകരാണ്.

ഏതു നിമിഷവും ആളിപ്പടരാവുന്ന രാഷ്ട്രീയ പകക്കനലാണ് കണ്ണൂരില്‍ എരിഞ്ഞു കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ഏതാനും നാളുകള്‍ ശാന്തമായ അന്തരീക്ഷമുണ്ടാകാറുണ്ട്. അത് പക്ഷേ കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയായിരിക്കും മിക്കപ്പോഴും. കൂടുതല്‍ ആയുധങ്ങള്‍ ശേഖരിക്കുന്നത് ഉള്‍പ്പെടെ പുതിയ ഏറ്റുമുട്ടലിനുള്ള വീര്യം കൂട്ടാനുള്ള തയ്യാറെടുപ്പുകളാണ് ഇടവേളകളില്‍ നടക്കുന്നത്. ബോംബ് നിര്‍മാണത്തിന് എല്ലാ പാര്‍ട്ടികളും പ്രത്യേക പരിശീലനം നല്‍കുന്നതായും പരിശീലനം സിദ്ധിച്ചവര്‍ ജില്ലക്കകത്തും പുറത്തും നിര്‍മാണം നടത്തുന്നതായും പോലീസ് കണ്ടെത്തിയതാണ്. രണ്ട് ദിവസം മുമ്പാണ് തില്ലങ്കേരി പഞ്ചായത്തിലെ ഉളിയില്‍ചാളപ്പറമ്പില്‍ നിന്ന് 11 ഐസ്‌ക്രീം ബോംബുകളും 14 ബോംബ് നിര്‍മിക്കുന്ന കണ്ടെയ്‌നറുകളും കാട്ടിനുള്ളില്‍ പ്ലാസ്റ്റിക് ബക്കറ്റില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ കണ്ടെത്തിയത്. അതിനു തൊട്ടുമുമ്പ് തില്ലങ്കേരി കാര്‍ക്കോട് പ്രദേശത്ത് നിന്ന് അഞ്ച് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. മറ്റു കേന്ദ്രങ്ങളിലേക്ക് കടത്താന്‍ സൂക്ഷിച്ചതാണ് ബോംബുകളെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുകയുമുണ്ടായി. തിങ്കളാഴ്ച നടന്ന രാഷട്രീയ കൊലപാതകങ്ങളുടെ മുന്നൊരുക്കമായിരിക്കാം പ്രസ്തുത ആയുധ ശേഖരം.

എല്ലാ അക്രമ സംഭവങ്ങള്‍ക്കുശേഷം ജില്ലയില്‍ സമാധാന ചര്‍ച്ചകളും സര്‍വകക്ഷി യോഗങ്ങളും ചേരാറുണ്ട്. രാഷ്ട്രീയകൊലപാതകത്തിന്റെ അത്രത്തോളം തന്നെ വരും സമാധാനശ്രമങ്ങളുടെ എണ്ണവും. എന്നാല്‍ പതിവ് നാടകമെന്നതിലുപരി ഇത് കൊണ്ടൊരു പ്രയോജനവും ഉണ്ടായിട്ടില്ല. ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷാവസ്ഥക്ക് അയവ് വരുത്താന്‍ ഇന്നോളം സാധിച്ചിട്ടില്ല.സമാധാന യോഗങ്ങള്‍ കഴിഞ്ഞു മണിക്കൂറുകള്‍ക്കകം വീണ്ടും അക്രമവും കൊലപാതകവും അരങ്ങേറുന്നു. അക്രമി സംഘങ്ങള്‍ക്കു നേതൃത്വം പൂര്‍ണ പിന്തുണയും സാമ്പത്തിക, രാഷ്ട്രീയ സഹായവും നല്‍കുകയും നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യുകയാണ്. സമാധാനം സ്ഥാപിക്കാനുള്ള ആത്മാര്‍ഥമായ ശ്രമം ഒരു നേതൃത്വത്തില്‍ നിന്നും ഉണ്ടാകുന്നില്ലെന്ന് തന്നെയാണ് ആവര്‍ത്തിക്കുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്.

 

Latest