നവാസ് ശെരീഫ് അനധിക്യതമായി 4.9 ബില്യണ്‍ ഡോളര്‍ ഇന്ത്യയിലേക്ക് കടത്തിയെന്ന് ; എന്‍എബി അന്വേഷണം തുടങ്ങി

Posted on: May 8, 2018 5:18 pm | Last updated: May 8, 2018 at 8:48 pm

ഇസ്്ലാമാബാദ്: അഴിമതിക്കേസില്‍ നടപടി നേരിടുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിനെതിരെ പുതിയൊരു അന്വേഷണത്തിന് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ(എന്‍എബി) ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ശെരീഫ് പ്രധാനമന്ത്രിയായിരിക്കെ കോടിക്കണക്കിന് ഡോളറുകള്‍ ഇന്ത്യയിലേക്ക് കടത്തിയത് സംബന്ധിച്ച് എന്‍എബി അന്വേഷണത്തിന് ഉത്തരവിട്ടതായി ജിയോ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. ശെരീഫ് അനധിക്യതമായി അതിര്‍ത്തി വഴി 4.9 ബില്യണ്‍ ഡോളര്‍ കടത്തിയെന്നാണ് ആരോപണം.

പാനമ കേസില്‍ സുപ്രീം കോടതി അയോഗ്യനാക്കിയതിനെത്തുടര്‍ന്നാണ് ശെരീഫിന് പ്രധാനമന്ത്രി പദം രാജിവെക്കേണ്ടി വന്നത്. പാനമ കേസില്‍ ഇദ്ദഹത്തിന്റേയും കുടുംബാംഗങ്ങളുടേയും പേരുണ്ടായതിനെത്തുടര്‍ന്നാണ സുപ്രീം കോടതി ശെരീഫിനെ അയോഗ്യനാക്കിയത്. നിലവില്‍ എന്‍എബി കോടതിയില്‍ ശെരീഫിനെതിരെ മൂന്ന് അഴിമതിക്കേസുകള്‍ നിലവിലുണ്ട്. ജീവിതകാലം മുഴുവന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും സ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നതില്‍നിന്നും ശെരീഫിന് സുപ്രീം കോടതി കഴിഞ്ഞ മാസം വിലക്കേര്‍പ്പെടുത്തി ഉത്തരവിട്ടിരുന്നു.