Connect with us

Editorial

തച്ചങ്കരിയുടെ പരിശ്രമങ്ങള്‍

Published

|

Last Updated

കുത്തഴിഞ്ഞ കെ എസ് ആര്‍ ടി സിയെ നേരെയാക്കാനുള്ള യജ്ഞത്തിലാണ് പുതിയ എം ഡി ടോമിന്‍ തച്ചങ്കരി. ഇതിന്റെ ഭാഗമായി കൂട്ടസ്ഥലം മാറ്റവും പിരിച്ചുവിടലും ജീവനക്കാരുടെ തസ്തികകളില്‍ പുനഃക്രമീകരണവും നടന്നുവരികയാണ്. സ്ഥാപനത്തില്‍ അനധികൃതമായി കയറിപ്പറ്റിയ 141 പേരെ സുപ്രീം കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ അടുത്തിടെ പിരിച്ചുവിടുകയുണ്ടായി. സ്ഥിരം നിയമനത്തിന് 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും വര്‍ഷത്തില്‍ 120 ഡ്യൂട്ടിയും വേണമെന്നാണ് ചട്ടം. എന്നാല്‍, കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിയമനം ലഭിച്ച 3500 ഓളം പേരില്‍ 141 പേര്‍ 120 ഡ്യൂട്ടി ഇല്ലാത്തവരായിരുന്നു. ഇവരെയാണ് പിരിച്ചുവിട്ടത്. ഇതിനെതിരെ ജീവനക്കാര്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചെങ്കിലും സുപ്രീം കോടതി മാനേജ്‌മെന്റ് തീരുമാനം ശരിവെക്കുകയായിരുന്നു.

ജോലിക്ക് കയറിയ ശേഷം നീണ്ട അവധിയെടുത്ത് മുങ്ങി നടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കവുമുണ്ട്. ഇതിന്റെ മുന്നോടിയായി ദീര്‍ഘകാലമായി ജോലിക്ക് ഹജരാകാത്തവരുടെ ലിസ്റ്റ് ആവശ്യപ്പെട്ടിരിക്കയാണ് തച്ചങ്കരി. ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി അഞ്ച് വര്‍ഷം വരെ അവധിയെടുക്കാന്‍ കെ എസ് ആര്‍ ടി സി ചട്ടം അനുവദിക്കുന്നുണ്ട്. ഈ പഴുതു ഉപയോഗപ്പെടുത്തി പലരും ലീവെടുത്തു മറ്റു സ്ഥാപനങ്ങളില്‍ ജോലി ച യ്തുവരികയാണ്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി കര്‍ശനമാക്കിയത്. ഇവര്‍ക്കു ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കാനുമാണ് തീരുമാനം. അഞ്ച് വര്‍ഷത്തിലധികമായി ജോലിക്കു ഹാജരാകാത്ത 450 ജീവനക്കാരെ നേരത്തെ പുറത്താക്കിയിരുന്നു.

പ്രൊഫ. സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ച കോര്‍പറേഷന്റെ മേഖലാവത്കരണം, ടയറുകള്‍ ഇല്ലാതെ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നത് ഒഴിവാക്കാനായി ടയര്‍ വിഭാഗം ഡ്യൂട്ടി പരിഷ്‌കരണം, ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള കര്‍മപദ്ധതികള്‍, കോര്‍പറേഷന്റെ ഭൂമിയുടെ വ്യാവസായിക ഉപയോഗം തുടങ്ങിയ പരിഷ്‌കരണങ്ങളും പരിഗണനയിലുണ്ട്. മേഖലാവത്കരണത്തെക്കുറിച്ചു പഠിക്കാന്‍ ടെക്‌നിക്കല്‍ വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം ടി സുകുമാരനെ നിയോഗിച്ചിട്ടുണ്ട്. കെ എസ് ആര്‍ ടി സിയെ രക്ഷിക്കാനുള്ള അവസാന ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്നും ഇത് പരാജയപ്പെട്ടാല്‍ കടുത്ത തീരുമാനത്തിലേക്ക് നീങ്ങേണ്ടിവരുമെന്നും തച്ചങ്കരി പറയുന്നു. സ്ഥാപനത്തിലെ ജീവനക്കാരില്‍ 30 ശതമാനം മടിയന്മാരും പണിക്കു കൊള്ളാത്തവരുമാണ്. മടിയന്‍മാര്‍ക്കുള്ള സ്ഥാപനമല്ല കെ എസ് ആര്‍ ടി സി. തൊഴിലെടുക്കാതെയുള്ള അഭ്യാസം സ്ഥാപനത്തില്‍ അനുവദിക്കില്ല. ജോലി ചെയ്യാന്‍ പറ്റാത്തവര്‍ രാജിവെച്ചു പോകണമെന്നും കണ്ണില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വേതനവും പെന്‍ഷനും നല്‍കാന്‍ പോലും മാര്‍ഗമില്ലാതെ കടത്തില്‍ മുങ്ങിത്താഴുന്ന സ്ഥാപനത്തെ രക്ഷിക്കാനുള്ള ഏത് നീക്കവും സ്വാഗതാര്‍ഹമാണ്. ജീവനക്കാരുടെ ഉദാസീനതയും അത്തരക്കാരെ സംരക്ഷിക്കുന്ന തൊഴിലാളി നേതൃത്വവുമാണ് വലിയൊരളവോളം കോര്‍പറേഷന്റെ തകര്‍ച്ചക്ക് കാരണം. ഇക്കാര്യം മനസ്സിലാക്കിയാകണം തച്ചങ്കരിയുടെ ഇടപെടലുകള്‍. എന്നാല്‍ ഇതെത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം. സി ഐ ടി യു നിയന്ത്രണത്തിലുള്ള എംപ്ലോയീസ് അസോസിയേഷന്‍ ഉള്‍പ്പെടെ തൊഴിലാളി സംഘടനകള്‍ അദ്ദേഹത്തിനെതിരെ രംഗത്തുവന്നു കഴിഞ്ഞു. സ്ഥാപനത്തിലെ ഒരു വിഭാഗം പണിയെടുക്കാതെ ശമ്പളം വാങ്ങുന്നവരാണെന്ന തച്ചങ്കരിയുടെ പ്രസ്താവന ഉയര്‍ത്തിക്കാണിച്ചാണ് പടനീക്കം.

രാജമാണിക്യം മാനേജിംഗ് ഡയറക്ടറായിരുന്ന ഘട്ടത്തില്‍ സ്ഥാപനത്തെ രക്ഷിക്കാന്‍ ഏറെ ശ്രമിച്ചതാണ്. വരുമാനത്തിന് അനുസൃതമായി ബസ് റൂട്ടുകളുടെ ക്രമീകരണം, അവധി നിയന്ത്രണം, അദര്‍ ഡ്യൂട്ടികളും ഇരട്ടഡ്യൂട്ടിയും നിര്‍ത്തലാക്കല്‍, ജോലിയില്‍ കൃത്യവിലോപം കാണിക്കുന്നവര്‍ക്ക് സ്ഥലം മാറ്റം തുടങ്ങി പല നല്ല പരിഷ്‌കരണങ്ങളും അച്ചടക്ക നടപടികളും അദ്ദേഹം നടപ്പാക്കി. സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ സുപ്രധാന നിര്‍ദേശങ്ങള്‍ നടപ്പാക്കിത്തുടങ്ങിയത് രാജമാണിക്യം ചുമതലയേറ്റ ശേഷമാണ്. മേധാവി എന്നതിലുപരി ജീവനക്കാരുമായി നല്ല ബന്ധം സ്ഥാപിച്ചു സ്ഥാപനത്തിന്റെ പുനരുദ്ധാരണ യജ്ഞത്തില്‍ അവരുടെ സഹകരണം നേടാനും വരുമാനം ഗണ്യമായി വര്‍ധിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. അതിനിടെയാണ് കഴിഞ്ഞ ഒക്‌ടോബറില്‍ അപ്രതീക്ഷിതമായി എം ഡി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയത്. കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന രീതിയില്‍ പുതിയ സൂപ്പര്‍ തസ്തികള്‍ സൃഷ്ടിക്കാനുള്ള അന്നത്തെ വകുപ്പുമന്ത്രിയുടെ നീക്കത്തിന് തടയിട്ടതും ജീവനക്കാരുടെ എണ്ണം കുറക്കാനുള്ള നീക്കവുമാണ് രാജമാണിക്യത്തിന് വിനയായത്. എക്കാലവും സ്ഥാപനത്തെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരുടെ ഗതി ഇതായിരുന്നു. തച്ചങ്കരി ചൂണ്ടിക്കാട്ടിയത് പോലെ ട്രേഡ് യൂനിയന്റെ ബലത്തില്‍ പണിയെടുക്കാതെ ആനുകൂല്യങ്ങള്‍ പറ്റുന്ന ഒരു വിഭാഗം തൊഴിലാളികളുണ്ട്. അവരെ പണിയെടുപ്പിക്കാന്‍ ശ്രമിച്ചവരെല്ലാം തെറിച്ച ചരിത്രമേയുള്ളൂ. ഇവരെ നിലക്കുനിറുത്തേണ്ട ഭരണാധികാരികളാകട്ടെ, രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തി തൊഴിലാളി നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങുകയാണ്. സ്ഥാപനം നഷ്ടത്തിലായാല്‍ തൊഴിലാളികളുടെ ഭാവിയെ ബാധിക്കുമെന്ന ബോധ്യത്തോടെ ആത്മാര്‍ഥമായി സേവിച്ചെങ്കിലേ കോര്‍പറേഷന്‍ രക്ഷപ്പെടുകയുള്ളൂ. എന്നാല്‍ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയാലും ആനുകൂല്യങ്ങള്‍ കൊടുത്തുവീട്ടാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുന്നതിനാല്‍ സ്ഥാപനത്തെ രക്ഷിക്കണമെന്ന ചിന്ത ഒരു വിഭാഗം തൊഴിലാളികളില്‍ ഉടലെടുക്കുന്നുമില്ല.

Latest