മോദിക്കും അമിത്ഷാക്കും യെദ്യൂരപ്പക്കുമെതിരെ നൂറ് കോടിയുടെ മാനനഷ്ടക്കേസുമായി സിദ്ധരാമയ്യ

Posted on: May 7, 2018 7:48 pm | Last updated: May 8, 2018 at 10:01 am

ബംഗളുരു: തനിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, പാര്‍ട്ടിയുടെ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പ എന്നിവര്‍ക്കെതിരേ മാനനഷ്ടക്കേസുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കാണിച്ചാണ് സിദ്ധരാമയ്യ മൂവര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചത്.

തനിക്കെതിരേ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നും അതിനു തയാറല്ലെങ്കില്‍ 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കാട്ടി സിദ്ധരാമയ്യ മോദിക്കും അമിത് ഷായ്ക്കും യെദ്യൂരപ്പയ്ക്കും നോട്ടീസ് അയച്ചത്. കര്‍ണാടകത്തില്‍ സിദ്ധരാമയ്യ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ ‘സിദ്ധ റുപ്പയ’ സര്‍ക്കാര്‍ എന്നു വിശേഷിപ്പിച്ച് പ്രധാനമന്ത്രി പരിഹസിച്ചിരുന്നു. തനിക്കെതിരേ ബിജെപി നേതാക്കള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് സിദ്ധരാമയ്യ വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നുണ്ട്.