ബനാറസില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് എതിരെ കൊലപാതക ശ്രമത്തിന് കേസ്

Posted on: May 7, 2018 6:10 am | Last updated: May 7, 2018 at 12:13 am

ന്യൂഡല്‍ഹി: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കൊലപതാക ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പക വീട്ടില്‍. സര്‍വകലാശാല ചീഫ് പ്രോക്ടര്‍ പ്രൊഫ. റോയാന സിംഗിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കൊലപാതക ശ്രമമടക്കമുള്ള വിവിധ സെക്ഷനുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തിരിക്കുന്നത്. മൃത്യുഞ്ജയ് മൗര്യ, വികാസ് സിംഗ്, ശിവഗംഗു ചൗബി, മിഥിലേഷ് കുമാര്‍, ഗരിമയാദവ്, ദീപക് സിംഗ്, രജത് സിംഗ്, അനൂപ് കുമാര്‍, ശശാവത് ഉപാധ്യായ, അപര്‍ണ, പാറുള്‍ ശുക്ല, ജയ മൗര്യ എന്നീ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് സര്‍വകലാശാലയുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 147, 148, 353, 332, 427, 504, 307, 395 എന്നിവയാണ് ചേര്‍ത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ക്യാമ്പസിനുള്ളില്‍ വെച്ച് ഒരു വിദ്യാര്‍ഥിനി അക്രമത്തിന്് ഇരയായുന്നു. ഇക്കാര്യത്തില്‍ സര്‍വകലാശാല പ്രോക്ടര്‍ ബോര്‍ഡ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് വിസമ്മതിച്ചതിനെത്തുടര്‍ന്ന്് ക്യാമ്പസില്‍ വലിയ രീതിയിലുള്ള പ്രതിഷേധം അരങ്ങേറിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ അനുകൂല ചാനല്‍ കഴിഞ്ഞയാഴ്ചയില്‍ വിദ്യാര്‍ഥികളുടെ ആരോപണങ്ങള്‍ നിഷേധിച്ച് വാര്‍ത്ത സംപ്രേഷണം ചെയ്തിരുന്നു. ജെ എന്‍ യു വിദ്യാര്‍ഥികളാണ് ബനാറസില്‍ സമരം നടത്താന്‍ പ്രേരിപ്പിക്കുന്നതെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. പ്രോക്ടര്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള സര്‍വകലാശാല അധികൃതരാണ് വാര്‍ത്തയില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. ഇക്കാര്യത്തിലെ തെളിവുകള്‍ ആവശ്യപ്പെട്ട് പ്രോക്ടര്‍ ഓഫീസിലേക്ക് സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, സമര സമയത്ത് ക്യാമ്പസിലില്ലാത്ത വിദ്യാര്‍ഥികളേയും എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിഷയത്തില്‍ തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ ഒന്നും തന്നെ സംപ്രേഷണം ചെയ്യാതെയാണ് ചാനല്‍ വാര്‍ത്ത പുറത്തുവിട്ടതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.