
കോഴിക്കോട്: ഇന്ത്യന്‍ സന്ദര്‍ശനവേളയില്‍ തന്നെ ചൊല്ലിക്കേള്‍പ്പിച്ച കവിത ഹൃദയത്തെ സ്പര്‍ശിച്ചുവെന്ന് അനുസ്മരിച്ച് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കത്തയച്ചു. ലോകത്ത് സമാധാനപൂര്‍ണമായ മുന്നേറ്റം സാധ്യമാക്കുന്നതിനും രാജ്യത്തുടനീളം വിദ്യാഭ്യാസ വിപ്ലവമുണ്ടാക്കുന്നതിനും കാന്തപുരം നടത്തുന്ന യത്‌നങ്ങള്‍ പ്രശംസനീയമാണെന്നും ജോര്‍ദാന്‍ രാജാവ് എഴുതി. ‘പ്രിയപ്പെട്ട എന്റെ സുഹൃത്തേ’ എന്ന് സംബോധന ചെയ്യുന്ന കത്ത്, സ്വന്തം കൈപ്പടയിലാണ് അബ്ദുല്ല രാജാവ് എഴുതിയത്.
ഇന്ത്യയെ അടുത്ത സൗഹൃദ രാജ്യമായി ജോര്‍ദാന്‍ കണക്കാക്കുന്നു. ഭീകരവാദത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ സൗഹൃദം കരുത്തേകും. ലോക സമാധാനത്തിനായി കാന്തപുരം നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനീയമാണെന്നും കത്തിലുണ്ട്.