Connect with us

National

അഞ്ഞൂറ് രൂപയുടെ അച്ചടി വര്‍ധിപ്പിക്കും

Published

|

Last Updated

മനില: രാജ്യത്ത് 500, 200, 100 രൂപ നോട്ടുകളുടെ ലഭ്യത ആവശ്യത്തിന് ഉണ്ടെന്നും പുതിയ 500 രൂപ നോട്ടിന്റെ അച്ചടി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. വര്‍ധിത ആവശ്യം പരിഗണിച്ച് ദിനംപ്രതി 3,000 കോടി രൂപയുടെ 500 രൂപ നോട്ടുകള്‍ അച്ചടിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നോട്ട് ലഭ്യതക്കുറവ് രാജ്യത്ത് അനുഭവപ്പെടുന്നില്ലെന്നാണ് ഗാര്‍ഗിന്റെ അവകാശവാദം. 85 ശതമാനം എ ടി എമ്മുകളും പ്രവര്‍ത്തനക്ഷമമാണെന്നും അദ്ദേഹം പറയുന്നു. ഏഴ് ലക്ഷം കോടി രൂപയുടെ 2,000 രൂപാ നോട്ടുകളാണ് ഇപ്പോള്‍ വിനിമയത്തിലുള്ളത്. ഇത് ആവശ്യത്തിലും അധികമാണ്. അതിനാല്‍, 2,000 രൂപ നോട്ടുകള്‍ പുതുതായി അച്ചടിക്കുന്ന കാര്യം പരിഗണനയിലില്ല.

ജനം കൂടുതല്‍ ആശ്രയിക്കുന്നത് 100, 200, 500 രൂപ നോട്ടുകളാണ്. 2,000 രൂപ നോട്ടുകള്‍ ഉപയോഗിച്ചുള്ള വിനിമയം വളരെ കുറവാണ്. 500 രൂപ നോട്ടുകള്‍ ഏറെ വിനിമയം ചെയ്യപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടാണ് 500 രൂപ നോട്ടുകളുടെ അച്ചടിയില്‍ വര്‍ധന വരുത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നോട്ടുകളുടെ സുരക്ഷാ കാര്യത്തില്‍ കൂടുതല്‍ കരുതലുകളാണ് ഇപ്പോള്‍ വരുത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ വ്യാജ നോട്ടുകളുടെ വ്യാപനത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നും സുഭാഷ് ചന്ദ്ര ഗാര്‍ഗ് അവകാശപ്പെട്ടു.

 

Latest